സഞ്ജിത്ത് വധം: പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

പാലക്കാട്: മമ്പറത്ത് ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾ സഞ്ചരിച്ച വെള്ള മാരുതി 800 കാറിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. വടക്കഞ്ചേരി ഭാഗത്തെ ഡ്രൈവിംഗ് സ്കൂളിൽ ഉപയോഗിച്ച വാഹനം പൊളിക്കാൻ കൊടുത്തതാണെന്നാണ് പ്രാഥമിക വിവരം. ഈ വാഹനം വാങ്ങിയത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ വിവിധയിടങ്ങളിൽ നിന്നുള്ള കാറിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നെങ്കിലും മാദ്ധ്യമങ്ങളിലൂടെ പുറത്തുവിടേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. കൊലപാതകം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് യാതൊരു തുമ്പും ലഭിക്കാതെ വന്നതോടെയാണ് പൊലീസ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. കാറിന്റെ ഡോർ ഗ്ലാസിൽ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ സി.സി ടിവികൾ പരിശോധിച്ചാണ് പ്രതികൾ സഞ്ചരിച്ച കാറിന്റെ വിവരങ്ങൾ ശേഖരിച്ചത്. കാറിനെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ പാലക്കാട് ഡിവൈ.എസ്.പി പി.സി. ഹരിദാസിനെയോ ടൗൺ സൗത്ത് ഇൻസ്പെക്ടർ ഷിജു എബ്രഹാമിനെയോ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. ഫോൺ: 9497990095, 9497987146.
അന്വേഷണത്തിന് പ്രത്യേക സംഘം
എലപ്പുള്ളി സ്വദേശി സഞ്ജിത്തിന്റെ കൊലപാതകം അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചതായി എ.ഡി.ജി.പി വിജയ് സാഖറേ അറിയിച്ചു. പാലക്കാട് ഡിവൈ.എസ്.പി പി.സി. ഹരിദാസ്, ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ, ടൗൺ സൗത്ത് ഇൻസ്പെക്ടർ ഷിജു എബ്രഹാം, മീനാക്ഷിപുരം ഇൻസ്പെക്ടർ ജെ.മാത്യു, കസബ ഇൻസ്പെക്ടർ രാജീവ്, കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ എം. ശശിധരൻ, നെന്മാറ ഇൻസ്പെക്ടർ എ. ദീപകുമാർ, ചെർപ്പുളശ്ശേരി ഇൻസ്പെക്ടർ എം. സുജിത് എന്നിവരടങ്ങിയ 34 അംഗ സംഘത്തെയാണ് നിയോഗിച്ചത്

