KSDLIVENEWS

Real news for everyone

കൊച്ചി കൂട്ടബലാത്സംഗം: മോഡലിന് പരിചയമുണ്ടായിരുന്നത് ഒപ്പമുണ്ടായിരുന്ന രാജസ്ഥാന്‍ സ്വദേശിനിയെ മാത്രം

SHARE THIS ON

കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച്‌ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നാലുപേര്‍ പോലീസ് കസ്റ്റഡിയില്‍. ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളും രാജസ്ഥാന്‍ സ്വദേശിയായ ഒരു യുവതിയുമാണ് എറണാകുളം സൗത്ത്‌ പോലീസ് കസ്റ്റഡിയില്‍ ഉള്ളത്.

വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. 19-കാരിയായ മോഡലും രാജസ്ഥാനിയുവതിയും മൂന്ന് യുവാക്കളും തേവരയ്ക്കടുത്തുള്ള ബാറില്‍ എത്തുകയായിരുന്നു. മോഡല്‍ ബാറില്‍ കുഴഞ്ഞു വീണതോടെ കൂടെയുണ്ടായിരുന്ന നാലുപേരും ചേര്‍ന്ന് ഇവരെ വാഹനത്തില്‍
കയറ്റിക്കൊണ്ടുപോയി. മദ്യലഹരിയിലാണ് പെണ്‍കുട്ടി കുഴഞ്ഞുവീണതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ്‌ പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്.

കൂടെയുണ്ടായിരുന്ന യുവതിയെയല്ലാതെ മറ്റ് മൂന്നുപേരേയും പെണ്‍കുട്ടിക്ക്‌ പരിചയമില്ലെന്നാണ് പോലീസ് പറയുന്നത്. കാക്കനാട്ടെ വീട്ടില്‍ പെണ്‍കുട്ടിയെ ഇറക്കിവിട്ട ശേഷം യുവാക്കള്‍ കടന്നുകളയുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ സുഹൃത്താണ് വെള്ളിയാഴ്ച രാവിലെ പോലീസില്‍ വിവരം അറിയിക്കുന്നത്. പ്രതികളെന്ന് കരുതുന്ന നാലുപേരും നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!