KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട് കടലിൽ തിമിംഗിലം അഴുകിയനിലയിൽ

SHARE THIS ON

നീലേശ്വരം: കാഞ്ഞങ്ങാട് കടപ്പുറത്തുനിന്ന്‌ എട്ട് നോട്ടിക്കൽ മൈൽ അകലെ കടലിൽ ചത്ത് അഴുകിയ തിമിംഗിലത്തെ കണ്ടെത്തി. തീരദേശ പോലീസ് നടത്തിയ പട്രോളിങ്ങിലാണ് തിമിംഗിലത്തെ കണ്ടെത്തിയത്. പട്രോളിങ്ങിനിടെ സധാരണ കാണാത്തവിധം അകലെ എന്തോ ഉയർന്നുനിൽക്കുന്നത് കണ്ടതിനെ തുടർന്നാണ് ബോട്ട് അങ്ങോട്ടേക്ക് പോയത്. അടുത്തെത്തിയപ്പോഴാണ് ചത്ത് അഴുകിയ തിമിംഗിലമാണെന്ന് തിരിച്ചറിഞ്ഞത്.
35 മീറ്റർ നീളവും ആറ്് മീറ്റർ ചുറ്റളവുമുള്ളതായിരുന്നു തിമിംഗിലം. അഴുകിയതിനാൽ കരയ്ക്കെത്തിക്കാനായില്ല. തീരദേശ പോലീസ് ഇൻസ്‌പെക്ടർ രാജീവൻ വലിയവളപ്പിന്റെ നിർദേശപ്രകാരം എ.എസ്.ഐ.മാരായ സെയ്ഫുദ്ദീൻ നീലേശ്വരം, എൻ.പി. അസീസ്, തീരദേശ വാർഡൻ എം.പി. രമേശൻ, സ്‌പെഷ്യൽ മറൈൻ ഹോം ഗാർഡ് ദാമോദരൻ കാരിയിൽ, ബോട്ട് ഡ്രൈവർ കെ. നാരായണൻ എന്നിവരാണ് പട്രോളിങ് നടത്തിയത്. തിമിംഗിലവേട്ടക്കാർ വെടിവെച്ച് കൊന്നതാണോ കാലാവസ്ഥവ്യതിയാനം കാരണം ചത്തതാണോയെന്ന് വ്യക്തമല്ല.
രണ്ടുവർഷം മുൻപ് കേരളത്തിലെ കടലിൽ 10 തിമിംഗിലങ്ങൾ ഇതുപോലെ ചത്തിരുന്നു. വലിയപറമ്പിലും തൈക്കടപ്പുറത്തും അന്ന് ഇവയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. എ.ഡി.ജി.പി.യുടെ നിർദേശപ്രകാരം നേവിയും തീരദേശ പോലീസും അന്ന് അന്വേഷണം നടത്തി. അതിനുശേഷം കടലിൽ തിമിംഗിലത്തെ ചത്തനിലയിൽ കാണുന്നത് ഇതാദ്യമാണെന്ന് തീരദേശ പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!