KSDLIVENEWS

Real news for everyone

മലയോര നിവാസികൾക്ക് ആശ്വാസം നല്ലോമ്പുഴ പാലം ഭാഗികമായി തുറന്നു

SHARE THIS ON

ചിറ്റാരിക്കാൽ: മലയോര നിവാസികൾക്ക്‌ ആശ്വാസമായി നല്ലോമ്പുഴ പാലം പണി പൂർത്തിയാവുന്നു. മലയോര ഹൈവേ വീതികൂട്ടി മെക്കാഡം ടാർചെയ്യുന്നതിന്റെ ഭാഗമായാണ് അഞ്ചുമാസം മുമ്പ് നിലവിലുണ്ടായിരുന്ന നല്ലോമ്പുഴ പാ പൊളിച്ചുനീക്കിയത്.
ആദ്യം വീതികൂട്ടാൻ മാത്രമായിരുന്നു കരാർ നൽകിയത്. മഴക്കുമുമ്പ് പണി ആരംഭിച്ചിരുന്നുവെങ്കിലും കോവിഡ്‌ കാരണം പണി നീണ്ടുപോയി. ശക്തമായ മഴയിൽ പാലത്തിന്റെ ഒരുഭാഗം തകർന്നുപോയി. പൊതുമരാമത്തു വകുപ്പ് പാലം പുതുക്കിപ്പണിയാൻ നിർദേശം നൽകുകയായിരുന്നു. ജൂലൈ മാസം പാലം പൊളിച്ചുമാറ്റിയെങ്കിലും പണി നീണ്ടു. പാലം പണി നീണ്ടുപോയതോടെ മലയോര ജനത കടുത്ത യാത്രാദുരിതത്തിലായി.
പാലം പണി ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ സമരം ആരംഭിച്ചിരുന്നു. അഞ്ചര കിലോമീറ്ററിനുപകരം 12 കിലോമീറ്റർ സഞ്ചരിച്ചാണ് വാഹനങ്ങൾ ചിറ്റാരിക്കാലിൽനിന്ന് ചെറുപുഴയിലെത്തുന്നത്. ചില ബസുകൾ പാലത്തിന് സമീപം ആളെ ഇറക്കാറുണ്ടായിരുന്നു. കവുങ്ങിൻ പാലത്തിലൂടെയാണ് യാത്രക്കാർ മാറുകരയിലെത്തിയിരുന്നത്.
കഴിഞ്ഞദിവസമാണ്‌ പാലം ഭാഗികമായി തുറന്നുകൊടുത്തത്‌. ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങൾ ഒഴികെ മറ്റുള്ളവയ്ക്ക്‌ കടന്നുപോകാൻ അനുമതി നൽകിയിട്ടുണ്ട്. പാലത്തിന്റെ ഇരുകരകളിലുള്ള സമീപന റോഡ് പണി പൂർത്തിയായ ഉടനെ പാലം പൂർണമായും തുറന്നുകൊടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!