മാസ്ക് ധരിക്കാത്തവര്‍ 50 പുഷ് അപ് എടുക്കണം; അസാധാരണ ശിക്ഷയുമായി ഇൻഡൊനീഷ്യ

ബാലി: മാസ്ക് ധരിക്കാതെ നടന്ന വിദേശികൾക്ക് അസാധാരണ ശിക്ഷ നൽകി ഇൻഡൊനീഷ്യൻ അധികൃതർ. മാസ്ക് ധരിക്കാതെ ബാലിയിലെത്തിയ വിദേശികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പുഷ് അപ് എടുപ്പിച്ച് ശിക്ഷിച്ചത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥലത്ത് ഇറങ്ങുന്നവർക്ക് ഇൻഡൊനീഷ്യയും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ ഇത് പാലിക്കാതെ നടക്കുന്നവരെയാണ് അധികൃതർ ശിക്ഷയ്ക്ക് വിധേയമാക്കിയത്.
അടുത്തിടെ ബാലിയിൽ മാത്രം മാസ്ക് ധരിക്കാത്ത നൂറോളം പേരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. 70 പേരിൽ നിന്ന് ഏഴ് ഡോളർ വീതം പിഴ ഈടാക്കി. എന്നാൽ കയ്യിൽ പണമില്ലെന്ന് പറഞ്ഞ മുപ്പത് പേരോടാണ് ശിക്ഷയായി പുഷ് അപ്പ് ചെയ്യാൻ നിർദേശിച്ചത്. മാസ്ക് ധരിക്കാത്തവർ 50 എണ്ണവും മാസ്ക് ശരിയായി ധരിക്കാത്തവർ 15 എണ്ണം വീതവും പുഷ് അപ് ചെയ്യണമെന്നായിരുന്നു നിർദേശം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
രാജ്യത്ത് സന്ദർശനത്തിനെത്തുന്നവർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തപക്ഷം അവരെ നാടുകടത്തുമെന്ന് ഇൻഡൊനീഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ അത്തരം കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

