KSDLIVENEWS

Real news for everyone

കൊൽക്കത്ത ബലാത്സംഗ കൊല; പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം; ജീവിതാന്ത്യം വരെ ജയിലിൽ തുടരണം

SHARE THIS ON

കൊൽക്കത്ത: ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സഞ്ജയ് റോയിക്ക് ജീവപര്യന്തം. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊൽക്കത്ത സീൽദാ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെവന്ന് കോടതി ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികളുടെ സുരക്ഷ സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്നും കോടതി.
17 ലക്ഷം രൂപ നഷ്ടപരിഹാരമായി സർക്കാർ പെൺകുട്ടിയുടെ കുടുംബത്തിന് നൽകണമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, നഷ്ടപരിഹാരം വേണ്ടെന്ന് ഡോക്ടറുടെ കുടുംബം അറിയിച്ചു. പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടെന്ന് വിധിന്യായം വായിക്കവെ കോടതി പറഞ്ഞു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും പ്രതി കോടതിയിൽ പറഞ്ഞു. വിധിവായിക്കുന്നതിന് മുമ്പ് കോടതി, പ്രതി സഞ്ജയ് റോയിക്ക് പറയാനുള്ളത് കേട്ടിരുന്നു. ഇതിന് ശേഷമാണ് കുറ്റം തെളിയിക്കപ്പെട്ടെന്ന് വ്യക്തമാക്കിയത്.

കഴിഞ്ഞ വെള്ളിയാഴ്ച സഞ്ജയ് റോയി കുറ്റക്കാരനെന്ന് വിധിച്ചിരുന്നു. രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം. ഈ സംഭവത്തിന് പിന്നാലെ ഡോക്ടർമാരുടെ വ്യാപക പ്രതിഷേധം ഉൾപ്പെടെ രാജ്യത്ത് അരങ്ങേറി.

2024 ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11 മണിക്ക് തന്നെ ആശുപത്രി പരിസരത്തുണ്ടായിരുന്നു. ആ സമയത്ത് തന്നെ മദ്യലഹരിയിലായിരുന്ന പ്രതി പിന്നീട് പുറത്തുപോയി വീണ്ടും മദ്യപിച്ചു. തുടർന്ന് പുലർച്ചെ നാലുമണിയോടെ ഇയാൾ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചത്. പിന്നാലെ 40 മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാൾ പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. സെമിനാർ ഹാളിൽ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച പ്രതി, ഇതിനെ ചെറുത്തതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ബലാത്സംഗത്തിന് ശേഷമാണ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതോടെ സംസ്ഥാനത്തും രാജ്യമൊട്ടാകെയും പ്രതിഷേധം ഇരമ്പി. ഓഗസ്റ്റ് പത്താം തീയതി സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഡോക്ടറുടെ മൃതദേഹത്തിന് സമീപത്തുനിന്ന് കിട്ടിയ ബ്ലൂടൂത്ത് ഇയർഫോണിന്റെ ഭാഗവും ആശുപത്രി കെട്ടിടത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിഷേധം ശക്തമായതോടെ കോടതി പിന്നീട് കേസ് സി.ബി.ഐ.യ്ക്ക് കൈമാറി. കുറ്റകൃത്യത്തിൽ സഞ്ജയ് റോയി മാത്രം ഉൾപ്പെട്ടിട്ടുള്ളൂ എന്നായിരുന്നു സി.ബി.ഐ.യുടെയും കണ്ടെത്തൽ. പ്രതിയുടെ വസ്ത്രത്തിൽ നിന്നും ചെരുപ്പിൽ നിന്നും വനിതാ ഡോക്ടറുടെ രക്തസാമ്പിളുകൾ കണ്ടെത്തുകയും അത് ഡി.എൻ.എ പരിശോധനയിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു.

അതേസമയം, തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും അന്വേഷണം വൈകിപ്പിച്ചതിനും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, പോലീസ് ഉദ്യോഗസ്ഥനായ അഭിജിത് മൊണ്ഡാൽ എന്നിവരെയും സി.ബി.ഐ. അറസ്റ്റ് ചെയ്തു.

2024 നവംബർ നാലിനാണ് കേസിലെ പ്രതി സഞ്ജയ് റോയിക്കെതിരെ സി.ബി.ഐ. സംഘം കുറ്റപത്രം സമർപ്പിച്ചത്. നവംബർ 11-ാം തീയതി കേസിന്റെ വിചാരണ ആരംഭിച്ചു. വിചാരണ മുഴുവനും അടച്ചിട്ട കോടതിമുറിയിലായിരുന്നു. വിചാരണ നടപടികൾ ക്യാമറയിലും പകർത്തിയിരുന്നു.

ആകെ 50 പേരുടെ സാക്ഷിമൊഴികളാണ് കേസിലുണ്ടായിരുന്നത്. വനിതാ ഡോക്ടറുടെ മാതാപിതാക്കൾ, പോലീസിലെയും സി.ബി.ഐ.യിലെയും അന്വേഷണ ഉദ്യോഗസ്ഥർ, ഡോക്ടറുടെ സഹപ്രവർത്തകർ, ഫൊറൻസിക് വിദഗ്ധർ, വിദഗ്ധ ഡോക്ടർമാർ എന്നിവരടക്കമുള്ള സാക്ഷികളെ കോടതിയിൽ വിസ്തരിച്ചു. 2025 ജനുവരി 9-ന് വിചാരണ പൂർത്തിയാക്കി. തുടർന്നാണ് കോടതി കേസിൽ വിധി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!