ഗ്രീഷ്മയ്ക്ക് തൂക്കുകയർ: ‘സമർഥമായ കൊല; മരിച്ചത് ആന്തരികാവയവങ്ങൾ അഴുകി; പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കൾ

തിരുവനന്തപുരം: മറ്റൊരാളുമായി നിശ്ചയിച്ച വിവാഹത്തിനായി കാമുകനെ വിഷക്കഷായം കുടിപ്പിച്ചു കൊന്ന കേസിലെ പ്രതി ഗ്രീഷ്മയ്ക്കു തൂക്കുകയർ. കേരളത്തിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ടാമത്തെ സ്ത്രീയാണ് ഗ്രീഷ്മ. കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാല മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയ കേസിലാണ് ഒന്നാംപ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മയ്ക്കു (24) നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീർ വധശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിർമലകുമാരൻ നായർക്കു മൂന്നു വർഷം തടവുശിക്ഷയും വിധിച്ചു. തെളിവു നശിപ്പിച്ചെന്നതാണു നിർമലകുമാരൻ നായർക്കെതിരായ കുറ്റം. ഗ്രീഷ്മ ചെയ്തതു സമർഥമായ കൊലപാതകമാണ്. ആന്തരികാവയവങ്ങൾ അഴുകിയാണു ഷാരോൺ മരിച്ചത്. പ്രായക്കുറവ്, മികച്ച വിദ്യാഭ്യാസം തുടങ്ങിയവ പ്രതിക്കു പരമാവധി ശിക്ഷ നൽകാതിരിക്കാൻ തടസ്സമല്ലെന്നും കോടതി പറഞ്ഞു. തട്ടിക്കൊണ്ടുപോകൽ, വിഷം നൽകൽ, കൊലപാതകം, പൊലീസിനെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങളാണു ഗ്രീഷ്മയ്ക്കെതിരെ തെളിഞ്ഞത്. വിധി പ്രസ്താവിക്കുന്നതിനു മുൻപു ഷാരോണിന്റെ കുടുംബാംഗങ്ങളെ ചേംബറിലേക്കു ജഡ്ജി വിളിപ്പിച്ചിരുന്നു. ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും വിധി കേൾക്കാൻ കോടതിയിൽ എത്തി.
വിധി കേൾക്കാൻ എത്തിച്ചപ്പോൾ ഗ്രീഷ്മ ആദ്യം കരഞ്ഞെങ്കിലും വധശിക്ഷ വിധിച്ചപ്പോൾ നിർവികാരമായാണു കേട്ടുനിന്നത്. സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊല്ലാൻ ശ്രമിച്ച പൈശാചിക മനസ്സായിരുന്നു ഗ്രീഷ്മയ്ക്കെന്നു കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങളെ അതേപടി അംഗീകരിക്കുന്നതായിരുന്നു വിധിപ്രസ്താവം. ഗ്രീഷ്മ നടത്തിയതു വിശ്വാസവഞ്ചനയാണ്. മരണക്കിടക്കയിൽ കിടക്കുമ്പോഴും ഗ്രീഷ്മയെ ഷാരോൺ സ്നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടരുതെന്നാണു ഷാരോൺ ആഗ്രഹിച്ചതെന്നും 586 പേജുള്ള വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്നാണു പറഞ്ഞാണു ഷാരോണിനെ ഗ്രീഷ്മ ക്ഷണിച്ചു വരുത്തിയത്. 11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാനാവാതെ ഷാരോൺ ആശുപത്രിയിൽ കഴിഞ്ഞു. ഗ്രീഷ്മയെ ഷാരോൺ മർദിച്ചതിനു തെളിവില്ല. പ്രകോപനമില്ലാതെയാണു കൊലപാതകം. കുറ്റകൃത്യം നടത്തിയിട്ടും അവസാന നിമിഷം വരെ പിടിച്ചുനിൽക്കാനാണു ഗ്രീഷ്മ ശ്രമിച്ചത്. പിടിച്ചുനിൽക്കാനുള്ള ഗ്രീഷ്മയുടെ കൗശലം വിജയിച്ചില്ല. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണു ഗ്രീഷ്മ. ജൂസ് ചാലഞ്ച് നടത്തിയതു തെളിവാണ്. നേരത്തേയും ഗ്രീഷ്മ വധശ്രമം നടത്തിയിട്ടുണ്ട്. ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം അന്വേഷണത്തെ വഴിതിരിച്ചു വിടാനായിരുന്നു. ഘട്ടംഘട്ടമായി കൊലപാതകം നടത്താനാണു പ്രതി ശ്രമിച്ചതെന്നും കോടതി വ്യക്തമാക്കി.
മാറിയ കാലത്തിന് അനുസരിച്ച് കേസ് സമർഥമായി അന്വേഷിച്ചതിനു കേരള പൊലീസിനെ കോടതി അഭിനന്ദിച്ചു. ഷാരോണിനെ 2022 ഒക്ടോബർ 14നു ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകിയതായാണു കേസ്. ഷാരോൺ ഒക്ടോബർ 25നു തിരുവനന്തപുരം മെഡിക്കൽ കോളജിൽ മരിച്ചു. ഗ്രീഷ്മയുടെ അമ്മയും രണ്ടാം പ്രതിയുമായ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചിരുന്നു.