KSDLIVENEWS

Real news for everyone

കൈപൊള്ളി ബിജെപി; അട്ടിമറിനീക്കം കൈയോടെ പിടിച്ച് സുപ്രീംകോടതി, ഒരാഴ്ചയ്ക്കിടെ ഇരട്ടപ്രഹരം

SHARE THIS ON

ന്യൂഡല്‍ഹി: ജനാധിപത്യം നഗ്നമായി കശാപ്പ് ചെയ്യപ്പെട്ടപ്പോള്‍ നീതിപീഠത്തിന്റെ ജാഗ്രതയോടെ ഇടപെട്ട സുപ്രീംകോടതി ബിജെപി അനര്‍ഹമായി നേടിയ മേയര്‍ പദവിയും രാഷ്ട്രീയ വിജയവും അസാധുവാക്കി. ചണ്ഡിഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ വരണാധികാരി ബിജെപി അംഗത്തെ വളഞ്ഞ വഴിയിലൂടെ മേയറാക്കിയ നടപടിയാണ് ചീഫ്‌ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ച് അസാധുവാക്കിയത്. ബാലറ്റുകള്‍ സുപ്രീം കോടതി നേരിട്ട് പരിശോധിക്കുകയും വരണാധികാരി നടത്തിയ അട്ടിമറി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അസാധുവാക്കിയ എട്ട് ബാലറ്റുകള്‍ സാധുവാക്കി വിധിക്കുകയും ചെയ്തു.
അസാധുവാക്കിയ എട്ട് ബാലറ്റും ഇന്ത്യ സഖ്യ സ്ഥാനാര്‍ഥിക്ക് ലഭിച്ചതായിരുന്നു. ഇത് സാധുവാക്കി എണ്ണി എഎപി-കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചതായി സുപ്രീം കോടതി പ്രഖ്യാപിക്കുകയായിരുന്നു. അതോടെ എഎപി സ്ഥാനാര്‍ഥി കുല്‍ദീപ് കുമാറിന്റെ വോട്ട് 12 ആയിരുന്നത് 20 ആയി. ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 16 വോട്ടായിരുന്നു. ബിജെപി സ്ഥാനാര്‍ഥി മനോജ് സോഗറെ മേയറായി തിരഞ്ഞെടുത്ത വരണാധികാരിയുടെ തീരുമാനം റദ്ദാക്കിയാണ് സുപ്രീം കോടതി നടപടിയുണ്ടായത്.

ജനാധിപത്യത്തെ സംരക്ഷിച്ചതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ നന്ദി പ്രകടിപ്പിച്ച് എക്‌സില്‍ കുറിച്ചു. ജനുവരി 30-ന് നടന്ന തിരഞ്ഞെടുപ്പിലാണ് അതിനാടകീയതയ്‌ക്കൊടുവില്‍ ബിജെപി അംഗത്തെ മേയറാക്കി പ്രഖ്യാപിച്ചത്. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ചണ്ഡിഗഢ് കോര്‍പറേഷന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി എതിര്‍സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ചത്. ഹര്‍ജി സുപ്രീം കോടതി അടിയന്തരമായി കേള്‍ക്കാന്‍ തീരുമാനിക്കുകയും വരണാധികാരിയെ വിളിപ്പിക്കുകയും ചെയ്തതിന് പിന്നാലെ അപകടം മണത്ത മനോജ് സോംഗര്‍ കഴിഞ്ഞ ഞായറാഴ്ച അപ്രതീക്ഷിതമായി മേയര്‍ സ്ഥാനം രാജിവെച്ചു.

ഇതിനിടെ ജയിച്ച മൂന്ന് എഎപി കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേരുകയും ചെയ്തു. കുതിരക്കച്ചവടത്തിന്റെ ആത്മവിശ്വാസത്തിലാണ്‌ വീണ്ടും തിരഞ്ഞെടുപ്പ് എന്ന ആവശ്യം കോര്‍പറേഷന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതെല്ലാം നിരസിച്ചതോടെയാണ് സുപ്രീംകോടതി നേരിട്ട് ഇടപെട്ട് എഎപി അംഗത്തെ മേയറായി പ്രഖ്യാപിച്ചത്. ബിജെപിക്ക് കനത്ത തിരിച്ചടിയായി ഫലത്തില്‍ സുപ്രീം കോടതി വിധി. വീണ്ടും തിരഞ്ഞെടുപ്പിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നെങ്കില്‍ മൂന്ന് പേര്‍ ബിജെപിയിലെത്തിയതോടെ കാര്യങ്ങള്‍ അവര്‍ക്ക് അനുകൂലമാകുമായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് കുതിരക്കച്ചവടത്തിന്റെ എല്ലാ വഴിയുമടച്ച് അതില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി വിധി പുറപ്പെടുവിച്ചത്. വരണാധികാരിയുടെ നടപടി ചോദ്യം ചെയ്ത് പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയെ എഎപി സമീപിച്ചെങ്കിലും സ്റ്റേ അനുവദിച്ചില്ല. തുടര്‍ന്നാണ് കേസുമായി എഎപി സുപ്രീം കോടതിയിലെത്തിയത്. കുതിരക്കച്ചവടത്തില്‍ വളരെ ആശങ്കയുണ്ടെന്ന് കോടതി പരാമര്‍ശം നടത്തുകയും ചെയ്തു.

ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഢ്, ജെ.ബി. പാര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. വസ്തുതാവിരുദ്ധമായ കാര്യം കോടതി മുമ്പാകെ ധരിപ്പിച്ചതിന് വരണാധികാരിയായിരുന്ന അനില്‍ മസീഹിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമനം 340 പ്രകാരം ക്രിമിനല്‍ നടപടിക്ക് കോടതി ഉത്തരവിട്ടു.


മേയര്‍ തെരഞ്ഞെടുപ്പിലെ എട്ട് വോട്ടുകള്‍ അസാധുവാണെന്ന് വരണാധികാരി അനില്‍ മസീഹ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടത്. ജനുവരി 30-ന് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കു 16 വോട്ടും എ.എ.പി.ക്ക് 12 വോട്ടുമാണ് ലഭിച്ചത്. 36 അംഗ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ എ.എ.പി, കോണ്‍ഗ്രസ് സഖ്യത്തിന് 20 പേരുടെയും ബിജെപിക്ക് 16 പേരുടെയും പിന്തുണയുണ്ടായിരുന്നു. ഇന്ത്യ സഖ്യം അനായാസം വിജയിക്കുമെന്ന ഘട്ടത്തിലാണ് വരണാധികാരി കളിച്ചത്. അതാകട്ടെ സിസിടിവിയിലൂടെ ലോകം മുഴുവന്‍ കാണുകയും ചെയ്തു. വീഡിയോ തെളിവ് അടക്കം പുറത്തുവന്നതോടെ നടന്നതെന്താണെന്ന് കണ്ടെത്താന്‍ സുപ്രീം കോടതിക്കും അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. കൃത്രിമം നടന്നുവെന്ന് കണ്ടെത്തിയാല്‍ റിട്ടേണിങ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് കോടതി തിങ്കളാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു.

എട്ട് വര്‍ഷം നീണ്ടുനിന്ന ചണ്ഡീഗഢിലെ ബി.ജെ.പി ഭരണത്തിന്റെ അന്ത്യം കൂടിയാണ് സുപ്രീം കോടതി വിധി. ഒരാഴ്ചയ്ക്കിടെ ബിജെപിക്ക് സുപ്രീം കോടതിയില്‍ നിന്ന് ഇരട്ടപ്രഹരമാണുണ്ടായത്. ആദ്യം കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ടറല്‍ ബോണ്ട് പദ്ധതി സുപ്രീം കോടതി റദ്ദാക്കി. ഇപ്പോള്‍ ചണ്ഡിഗഢ് മേയര്‍ കേസിലും രാഷ്ട്രീയക്കളി സുപ്രീം കോടതി ഫലത്തില്‍ പൊളിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!