KSDLIVENEWS

Real news for everyone

എല്ലാവരും അതിജീവിക്കണം: കർണാടകയിൽ എം.എൽ.എമാരുടെ ശമ്പളം 100% വർധിപ്പിച്ചു; മന്ത്രിമാർക്കും വൻവർധന

SHARE THIS ON

ബെംഗളൂരു: കർണാടകയിൽ എം.എൽ.എമാരുടെ ശമ്പളം ഇരട്ടിയാക്കി സർക്കാർ. അടിസ്ഥാന ശമ്പളം 40000 രൂപയിൽ നിന്ന് ഒറ്റയടിക്ക് 80,000 രൂപയാക്കി. നിലവിൽ എംഎൽഎമാർക്ക് അലവൻസുകളടക്കം മൂന്ന് ലക്ഷത്തോളം രൂപ മാസവരുമാനമുണ്ട്. പുതിയ ശമ്പള വർധനവോടെ ഇത് അഞ്ച് ലക്ഷം രൂപവരെ ആയി വർധിക്കും. രണ്ട് ലക്ഷത്തോളം രൂപയുടെ വർധനവാണ് ഒറ്റയടിക്ക് ഉണ്ടായത്.

മുഖ്യമന്ത്രിയുടെ ശമ്പളം 75000 രൂപയിൽ നിന്ന് ഒന്നരലക്ഷം രൂപയാക്കി വർധിപ്പിച്ചു. മന്ത്രിയുടെ ശമ്പളം 60000 രൂപയിൽ നിന്ന് ഒന്നേകാൽ ലക്ഷമാക്കി. സ്പീക്കർക്ക് അടിസ്ഥാന ശമ്പളം അരലക്ഷം രൂപ വർധിപ്പിച്ചു. ഇതോടെ 1.25 ലക്ഷം രൂപയായി വർധിച്ചു.

വിവിധ സാമൂഹിക പദ്ധതികൾക്കുള്ള ധനസഹായം ഉൾപ്പെടെയുള്ളവയ്ക്ക് വലിയ സാമ്പത്തിക വെല്ലുവിളി നേരിടുന്നതിനിടെയാണ് ഇത്തരത്തിൽ ഒരു തീരുമാനം കൂടി സർക്കാർ കൈക്കൊള്ളുന്നത്.

സ്പീക്കർ – 75,000 രൂപ മുതൽ 1,25,000 രൂപ വരെ
മുഖ്യമന്ത്രി – 75,000 രൂപ മുതൽ 1,50,000 രൂപ വരെ
പ്രതിപക്ഷ നേതാവ് – 60,000 രൂപ മുതൽ 70,000 രൂപ വരെ
ചീഫ് വിപ്പ് – 50,000 രൂപ മുതൽ 70,000 രൂപ വരെ
എംഎൽഎ, എംഎൽസിമാർ – 40,000 രൂപ മുതൽ 80,000 രൂപ വരെ – എന്നിങ്ങനെയാണ് വർധന.

ബിജെപി എംഎൽഎ അരവിന്ദ് ബെല്ലാറ്റ് ഉൾപ്പെടെ നിരവധി എംഎൽഎമാർ ശമ്പള വർധനവിനുള്ള ശുപാർശ മുന്നോട്ട് വെച്ചിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും ഈ നിർദ്ദേശം മുന്നോട്ട് വെച്ചിരുന്നു.

‘എല്ലാവരും അതിജീവിക്കണം, സാധാരണക്കാരെപ്പോലെ നമ്മളും കഷ്ടപ്പെടുകയാണ്. മന്ത്രിമാരുടെ ഭാരവും വർധിച്ചു കൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര ശമ്പള വർധനവിനെക്കുറിച്ച് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!