നെക്സയിലെ ആ കുഞ്ഞൻ കാര്‍ ഇനി ചരിത്രം; മാരുതി ഇഗ്നിസ് ഉല്‍പ്പാദനം നിര്‍ത്തി

ന്യൂഡല്‍ഹി: മാരുതി സുസുക്കി തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കായ ഇഗ്നിസിന്റെ ഉല്‍പ്പാദനം നിശബ്ദമായി അവസാനിപ്പിച്ചു.
കമ്പനിയുടെ നെക്സ ചാനല്‍ വഴി വിറ്റഴിച്ചിരുന്ന ഈ മോഡലിന്റെ ഉല്‍പ്പാദനം നിർത്താൻ തീരുമാനിച്ചതായി ഡീലർ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നിലവില്‍ രാജ്യത്തെ മിക്ക ഡീലർമാരും പുതിയ ബുക്കിംഗുകള്‍ സ്വീകരിക്കുന്നത് നിർത്തിയിട്ടുണ്ടെങ്കിലും ചുരുക്കം ചിലയിടങ്ങളില്‍ സ്റ്റോക്ക് ബാക്കിയുണ്ട്. മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ കാർ ഇപ്പോഴും ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ലഭ്യമായ യൂണിറ്റുകള്‍ തീരുന്നതോടെ ഇത് പൂർണ്ണമായും അപ്രത്യക്ഷമാകും.
2017 ജനുവരിയിലാണ് ഇഗ്നിസ് ഇന്ത്യൻ വിപണിയില്‍ എത്തിയത്. പെട്രോള്‍, ഡീസല്‍ എഞ്ചിൻ ഓപ്ഷനുകളില്‍ തുടക്കത്തില്‍ ലഭ്യമായിരുന്നു. എന്നാല്‍ കുറഞ്ഞ ഡിമാൻഡ് കാരണം 2018 ല്‍ ഡീസല്‍ പതിപ്പ് ഒഴിവാക്കി. 2020 ല്‍ ഒരു പ്രധാന മുഖംമിനുക്കല്‍ (Facelift) നടന്നതൊഴിച്ചാല്‍ ഒൻപത് വർഷത്തെ വിപണി ജീവിതത്തിനിടയില്‍ കാര്യമായ മാറ്റങ്ങളൊന്നും ഈ കാറില്‍ വരുത്താൻ മാരുതി തയ്യാറായിരുന്നില്ല. 2022 ല്‍ 51,176 യൂണിറ്റുകള്‍ വിറ്റഴിച്ചതാണ് ഇഗ്നിസിന്റെ ഏറ്റവും ഉയർന്ന വില്‍പ്പന കണക്ക്. എന്നാല്‍ സമാന വിലയിലുള്ള സ്വിഫ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവായിരുന്നു.
ഇന്ത്യൻ ഉപഭോക്താക്കള്‍ക്കിടയില്‍ ഇഗ്നിസിന് വലിയ ചലനം സൃഷ്ടിക്കാൻ കഴിയാത്തതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇതിന്റെ വ്യത്യസ്തമായ ഡിസൈൻ ശൈലിയാണ്. കൂടാതെ മാരുതിയുടെ മിക്ക കാറുകളും 6 എയർബാഗുകളിലേക്ക് മാറിയപ്പോഴും ഇഗ്നിസില്‍ രണ്ട് എയർബാഗുകള്‍ മാത്രമാണ് നല്‍കിയിരുന്നത്. കമ്പനിയുടെ മറ്റ് മോഡലുകള്‍ക്ക് ലഭിച്ചതുപോലെ ഫാക്ടറി ഫിറ്റഡ് സി എൻ ജി കിറ്റും ഇഗ്നിസിന് ലഭിച്ചിരുന്നില്ല.
നിലവില്‍ 5.35 ലക്ഷം രൂപ മുതല്‍ 7.55 ലക്ഷം രൂപ വരെയാണ് ഇഗ്നിസിന്റെ എക്സ് ഷോറൂം വില. നെക്സ ലൈനപ്പിലെ ഏറ്റവും വില കുറഞ്ഞ മോഡലായിരുന്നു ഇത്. ഇഗ്നിസിന് പകരമായി ടാറ്റ പഞ്ച്, ഹ്യുണ്ടായ് എക്സ്റ്റർ എന്നിവയോട് മത്സരിക്കാൻ വൈ 43 എന്ന കോഡ് നാമത്തിലുള്ള പുതിയ സബ് കോംപാക്ട് എസ് യു വി മാരുതി പുറത്തിറക്കുമെന്നാണ് സൂചനകള്‍.

