KSDLIVENEWS

Real news for everyone

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

SHARE THIS ON

തിരുവനന്തപുരം: കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ പി.എ ഷാജഹാനെയാണ് സർവീസിൽനിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ പി.ജി. വിദ്യാർഥിനിയാണ് പരാതിക്കാരി. യാത്രക്കാരെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ ബസ് ജീവനക്കാരന്റെ ഭാഗത്ത് നിന്നുള്ള പ്രവൃത്തി കുറ്റകരമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ നടപടി.

കഴിഞ്ഞ 17ന് പത്തനംതിട്ടയിൽനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിൽവച്ചാണ് ഇയാൾ യാത്രക്കാരിയോട് മോശമായി പെരുമാറിയത്. പുലർച്ചെ മൂന്ന് മണിയോടെ ബസ് കൃഷ്ണഗിരിയിൽ എത്തിയപ്പോൾ ജനൽച്ചില്ല് നീക്കാനായി വിദ്യാർഥിനി ഡ്രൈവറുടെ സഹായം തേടി. ഈ സമയത്ത് ഡ്രൈവർ അപമര്യാദയായി പെരുമാറിയെന്നാണ് വിദ്യാർഥിനിയുടെ ആരോപണം. ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം തനിക്ക് ഷോക്കുണ്ടാക്കിയെന്നും അതിനാൽ ആ സമയത്ത് പ്രതികരിക്കാനായില്ലെന്നും പരാതിക്കാരി നേരത്തെ പറഞ്ഞിരുന്നു. പിന്നീട് കെ.എസ്.ആർ.ടി.സി. അധികൃതർക്ക് ഇ-മെയിൽ വഴി പരാതി നൽകുകയായിരുന്നു.

സംഭവത്തിന് ശേഷം പരാതിക്കാരിയെ ഇയാൾ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. വാട്ട്സ് ആപ്പിലൂടെ ഭീഷണിപ്പെടുത്തി പരാതിക്കാരിയെ ഇയാൾ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. താൻ സസ്പെൻഡ് ചെയ്യപ്പെട്ടുവെന്ന് വോയിസ് മെസേജിലൂടെ പറഞ്ഞത് കളവാണെന്നും കോടതിയിൽ പോകുമെന്നും പ്രസ് മീറ്റ് നടത്തുമെന്നുമെല്ലാം പറഞ്ഞത് ഭീഷണിയുടെ ഭാഗമാണെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വാർത്താ മാധ്യമങ്ങളിൽ ഇയാൾ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ പരാതിക്കാരിക്കും, സ്ഥാപനത്തിനും അപകീർത്തികരവും വസ്തുതാ വിരുദ്ധവുമാണെന്നും കെഎസ്ആർടിസി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!