ഞാൻ യുഎസിലേക്ക് പോവുകയാണ്, അവിടെ നിന്ന് ഈജിപ്തിലേക്കും: യാത്രാ വിവരങ്ങൾ വിശദമായി പങ്കുവച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: അമേരിക്കൻ സന്ദർശനത്തിന്റെ വിശദാംശങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ യുഎസിലേക്ക് യാത്ര തിരിച്ചെന്നും, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെയും ഫസ്റ്റ് ലേഡി ഡോ. ജിൽ ബൈഡന്റെയും പ്രത്യേക ക്ഷണം സ്വീകരിച്ചുള്ള ഈ യാത്ര, രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ പ്രതിഫലനമായിരിക്കുമെന്ന് മോദി കുറിച്ചു. അമേരിക്കൻ പര്യടനത്തിന് ശേഷം പ്രധാനമന്ത്രി ഈജിപ്തിലേക്ക് തിരിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷി ബന്ധം വിപുലീകരിക്കുകയാണ് സന്ദർശന ലക്ഷ്യം. നാസയുടെ 2025ലെ ആർട്ടെമിസ് ചന്ദ്രപര്യവേഷണത്തിൽ ഇന്ത്യയെ പങ്കാളിയാക്കാൻ അമേരിക്കയ്ക്ക് താല്പര്യമുണ്ട്. 25 രാഷ്ട്രങ്ങൾ ഇതിനകം പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. പ്രതിരോധമേഖലയിലെ സാങ്കേതിക വിദ്യ കൈമാറ്റത്തിലാണ് ഇന്ത്യയ്ക്ക് താല്പര്യം. ആയുധ വില്പനയിലാണ് അമേരിക്ക താല്പര്യം കാട്ടുന്നത്. ഈ വിഷയങ്ങളിലടക്കം പ്രസിഡന്റ് ജോ ബൈഡനുമായി മോദി നടത്തുന്ന ഉഭയകക്ഷ ചർച്ച നിർണായകമാവും.നൂതന പ്രതിരോധ സാങ്കേതികവിദ്യ പങ്കിടൽ, ജി.ഇ414 ടർബോഫാൻ ജെറ്റ് എഞ്ചിൻ സാങ്കേതിക വിദ്യ കൈമാറ്റം, എം.ക്യു9ബി സായുധ ഡ്രോണുകൾ വാങ്ങൽ തുടങ്ങിയ ഇടപാടുകളിൽ പ്രഖ്യാപനമുണ്ടായേക്കും. വാണിജ്യ, വ്യവസായ സഹകരണം, നിക്ഷേപം, ടെലികോം മേഖലകളിലും കരാറുകൾ ഒപ്പിടും.അന്താരാഷ്ട്ര യോഗദിനമായ നാളെ യു.എൻ യുഎൻ ആസ്ഥാനത്തെ വടക്കു ഭാഗത്തെ പുൽത്തകിടിയിൽ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ആദരമർപ്പിച്ചശേഷം പ്രമുഖർ പങ്കെടുക്കുന്ന യോഗാഭ്യാസത്തിന് മോദി നേതൃത്വം നൽകും. ജൂൺ 21 യോഗാദിനമായി യു.എൻ അംഗീകരിച്ചശേഷം മോദി നേരിട്ടെത്തി പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുണ്ട്.

