അറസ്റ്റ് പതിനായിരത്തിലധികം: ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ പിടിച്ചത് 8 കിലോ എം.ഡി.എം.എ; ആയിരം കിലോ കഞ്ചാവ്

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ നടപടികളിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ആയിരം കടന്നു. കഴിഞ്ഞദിവസം നടത്തിയ പരിശോധനകളിൽ 74 പേർ കൂടി അറസ്റ്റിലായതോടെയാണ് ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയത്. ഇതുവരെ 9280 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇക്കാലയളവിൽ 8289.409 ഗ്രാം എം.ഡി.എം.എ-യും 1004.784 കി.ഗ്രാം കഞ്ചാവും 2382 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്.
നിലവിലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് കോഴിക്കോട് സിറ്റിയിലാണ് (929). എന്നാൽ, ഏറ്റവും കൂടുതൽ അറസ്റ്റ് നടന്നിട്ടുള്ളത് മലപ്പുറത്താണ് (999 പേർ). 875 കേസുകളുമായി രണ്ടാം സ്ഥാനത്താണ് മലപ്പുറം ജില്ല. കൊച്ചി സിറ്റി, പാലക്കാട്, എന്നീ പോലീസ് ജില്ലകൾ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. 700-ലധികം കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കണ്ണൂർ റൂറലിലാണ് ഏറ്റവും കുറവ് കേസുകളുള്ളത്- 137 എണ്ണം. 139 പേരാണ് ഇവിടെ അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രജിസ്റ്റർചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് ഏഴ് കേസുകളും കൊമേഴ്‌സ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് രണ്ട് കേസുകളും എൻ.ഡി.പി.എസ് ആക്ട് പ്രകാരം 38 കേസുകളും കോട്പ പ്രകാരം 46 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽനിന്ന് 47.322 ഗ്രാം എം.ഡി.എം.എയും 25.451 കി.ഗ്രാം കഞ്ചാവും 501 കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ 9147 ബോധവത്കരണ ക്ലാസ്സുകളും 578 കൗൺസിലിങ്ങുകളും നടത്തി. സ്‌കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 6561 ബോധവത്കരണ പരിപാടികളും നടന്നു.

