KSDLIVENEWS

Real news for everyone

പെട്ടുപോയതാണ്… റിയാലിറ്റി ഞാൻ പറയാം: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപിക

SHARE THIS ON

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ റിമാൻഡിലായ കാവ്യ, നീഷ്മ എന്നീ അധ്യാപകരെ കോടതി രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു വടകര എൻഡിപിഎസ് കോടതിയാണ് വെള്ളിയാഴ്ച വൈകിട്ട് നാലു മണി വരെ ഇവരെ കസ്റ്റഡിയിൽ വിട്ടത്. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) ഒരുങ്ങുന്നത്.

വടകര എംഡിഎംഎ ഇടപാട് കേസിൽ മൂന്ന് അധ്യാപികമാരെ ആയിരുന്നു വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ആദ്യം അറസ്റ്റിലായ കീർത്തന എന്ന അധ്യാപികയെ നേരത്തെ തന്നെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. മറ്റ് രണ്ട് അധ്യാപികമാരെ മൂന്നു ദിവസത്തേക്കാണ് അന്വേഷണ സംഘം കസ്റ്റഡിക്കായി ചോദിച്ചതെങ്കിലും രണ്ടു ദിവസം മാത്രമാണ് അനുവാദം ലഭിച്ചത്.

കസ്റ്റഡിയിൽ ലഭിച്ച രണ്ടു പേരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട് നടത്തിയ ലക്ഷക്കണക്കിനു രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവരത്തിൽ വ്യക്തത വരുത്താനാകും എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അക്കൗണ്ടുകളിൽ പണം എങ്ങനെ എത്തി, അത് മറ്റൊരു അക്കൗണ്ടിലേക്ക് അയയ്ക്കാൻ ഇടയാക്കിയ സാഹചര്യം തുടങ്ങിയവയാകും അന്വേഷണസംഘം പരിശോധിക്കുക.

∙ ‘ഇടപാടുമായി ബന്ധമില്ല, കീർത്തന കള്ളം പറയുന്നു’

കേസുമായി ബന്ധമില്ലെന്നും കീർത്തന കള്ളം പറയുകയാണെന്നും കോടതിയിൽ ഹാജരാക്കാൻ എത്തിക്കുന്നതിനിടെ കാവ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. കീർത്തന പറയുന്നത് വിശ്വസിക്കരുത്. ഞാൻ പെട്ടുപോയതാണ്. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് എന്നാണ് കാവ്യ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം ഈ പ്രതികരണത്തിൽ കാര്യമില്ലെന്നാണ് അന്വേഷണ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സ്വന്തം അക്കൗണ്ടിൽ വലിയ തുകയുടെ ഇടപാടുകൾ എങ്ങനെ എത്തി എത്തി എന്ന കാര്യങ്ങളിൽ ഇനിയും വ്യക്തത വരുത്താൻ കാവ്യയ്ക്ക് ആയിട്ടില്ലെന്നാണ് അന്വേഷണ സംഘവുമായി ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നത്.

കാവ്യയുടെ സുഹൃത്തിനു നൽകാൻ പണം കടം ചോദിച്ചപ്പോൾ അത് ഒരു സുഹൃത്ത് വഴി തനിക്ക് നൽകിയതാണെന്നും അല്ലാതെ മറ്റൊരു ഇടപാടും തനിക്കില്ല എന്നാണ് കീർത്തന നേരത്തെ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. എന്നാൽ അതൊക്കെ കളവാണ് എന്നാണ് ഇപ്പോൾ കാവ്യ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. എന്നാൽ അന്വേഷണത്തെ വഴിതെറ്റിക്കാൻ ഇവർ രണ്ടുപേരും മനഃപൂർവം നടത്തുന്ന ശ്രമംം ആയാണ് ഇതിനെ അന്വേഷണ സംഘം വിലയിരുത്തുന്നത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അധ്യാപികമാരുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അതിനാലാണ് ദിവസങ്ങൾ പിന്നിട്ടിട്ടും ജാമ്യം ലഭിക്കാതെ ഇവർക്ക് റിമാൻഡിൽ തുടരേണ്ടതായി വരുന്നതെന്നുമാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!