KSDLIVENEWS

Real news for everyone

ആപ്പില്‍ ഡോളറുണ്ടാകും, പിന്‍വലിക്കാനാകില്ല; മണി ചെയിന്‍ തട്ടിപ്പ് നടത്തിയ രണ്ടു പേര്‍ പിടിയില്‍

SHARE THIS ON

തൃശ്ശൂർ: ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ മണിചെയിൻ തട്ടിപ്പ് നടത്തിയവർ പിടിയിൽ. അമ്മാടം ചിറയത്ത് സി.ജെ. ജോബി (43), പുല്ലഴി ചേറ്റുപുഴ കോത്ത്കുണ്ടിൽ സ്മിത (40) എന്നിവരെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപകരിൽനിന്ന് ഒരുകോടിയോളം രൂപയാണിവർ തട്ടിയെടുത്തത്.

ശക്തൻ സ്റ്റാൻഡിന് സമീപമുള്ള കെട്ടിടത്തിൽ എസ്.ജെ. അസോസിയേറ്റ്സ് എന്ന പേരിൽ നടത്തുന്ന സ്ഥാപനം വഴിയാണിവർ ട്രേഡിങ്ങിലേക്ക് പണം സ്വരൂപിച്ചിരുന്നത്. പണം നൽകുന്നവർക്ക് ആപ്പ് ഡൗൺലോഡ് ചെയ്തുകൊടുക്കും. യൂസർ ഐ.ഡി.യും പാസ്വേഡും നൽകും. ഇതുപയോഗിച്ച് കയറിയാൽ നൽകിയ പണത്തിന് തുല്യമായ ഡോളർ വാലറ്റിൽ നിക്ഷേപിച്ചതായി കാണിക്കും. പിന്നീട് ഓരോ ദിവസവും ഈ ഡോളർ ഇരട്ടിയായി വർധിക്കുമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയിരുന്നത്. മണിചെയിൻ ഇടപാടിൽ വേറെയും ആളുകളെ ചേർക്കുമ്പോൾ കമ്മിഷൻ ലഭിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു.


എന്നാൽ, നിക്ഷേപകൻ പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ കഴിയാതെവരും. ഇതിനെക്കുറിച്ച് അന്വേഷിച്ചവരോട് ഈ ഡോളർ ക്രിപ്റ്റോ കറൻസിയിലേക്ക് മാറ്റിയാൽ മാത്രമേ പണം എടുക്കാനാകൂവെന്ന് വിശ്വസിപ്പിക്കും. ഇതിനു കൂടുതൽ സമയം ആവശ്യമുണ്ടെന്നും അറിയിക്കും. കൂടുതൽപേരെ ചേർക്കുമ്പോൾ പണം കമ്മിഷനായി വാങ്ങാമെന്നും ഇങ്ങനെ കമ്മിഷൻ പറ്റുന്ന തുക വാലറ്റിലെ ഡോളറിൽനിന്ന് കുറയ്ക്കുമെന്നും അറിയിക്കും. നിക്ഷേപകർ ശക്തനിലെ ഓഫീസിലെത്തിയതോടെ സ്ഥാപനം പൂട്ടി കോയമ്പത്തൂരിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങി. കോയമ്പത്തൂരിലെ ലോഡ്ജിന് മുമ്പിൽനിന്ന് കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ഇവരെ പോലീസ് പിടികൂടിയത്. ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥരും ദമ്പതിമാരുമാണെന്ന വ്യാജേനെയാണിവർ ലോഡ്ജിൽ മുറിയെടുത്തത്. കോയമ്പത്തൂരിൽവെച്ചും ഇവർ മണിചെയിനുമായി ബന്ധപ്പെട്ട യോഗങ്ങൾ നടത്തി.

കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടോൾ ഡീൽ വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമകളായ വടക്കാഞ്ചേരി സ്വദേശി രാജേഷ് മലാക്ക, മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസൽ എന്നിവരാണ് പ്രധാനപ്രതികൾ. ഒന്നരവർഷമായി വിദേശത്തുള്ള മുഹമ്മദ് ഫൈസൽ ഫോൺ വഴിയാണ് ഇടപാടുകൾ നടത്തിയിരുന്നത്. ഇവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.


കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സി.ഐ. ടി.ജി. ദിലീപിന്റെ നിർദേശാനുസരണം എസ്.ഐ. കെ.സി. ബൈജു, എ.എസ്.ഐ. രാംകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജെറിറ്റ് ഡേവിഡ്, കെ.എൽ. സിന്റി, സിവിൽ പോലീസ് ഓഫീസർമാരായ നിഷാന്ത്, ഇ.എസ്. പ്രശാന്ത്, ബി.കെ. രതീഷ്കുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!