ആർടിപിസിആർ സർട്ടിഫിക്കറ്റ് കണ്ടക്ടർമാർ പരിശോധിക്കും; മൂന്നര മാസത്തിനു ശേഷം തലപ്പാടി അതിർത്തി കടന്ന് ബസുകൾ…

കാസർകോട് / മംഗളൂരു ∙ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിലച്ച കാസർകോട്–ദക്ഷിണ കന്നഡ അന്തർ സംസ്ഥാന ബസ് സർവീസുകൾ മൂന്നര മാസത്തിനു ശേഷം പുനരാരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ കർണാടക നിരോധനം ഏർപ്പെടുത്തിയതിനെത്തുടർന്നാണ് ഓഗസ്റ്റ് ഒന്നുമുതൽ മംഗളൂരു, സുള്ള്യ, പുത്തൂർ സർവീസുകൾ കേരള–കർണാടക അതിർത്തിയിൽ മാത്രമായി സർവീസ് ഒതുക്കിയത്. ഈ നിരോധനം വ്യാഴാഴ്ച രാത്രി ആണ് പിൻവലിച്ചത്.
ഇന്നലെ മുതൽ ഇരു സംസ്ഥാന കോർപറേഷൻ ബസ് സർവീസുകളും പതിവു പോലെ തുടങ്ങി. രാവിലെ അഞ്ചരയ്ക്കാണ് ആദ്യ സർവീസ് നടത്തിയത്. കാസർകോട് –മംഗളൂരു റൂട്ടിൽ കാസർകോട് ഡിപ്പോയിൽ നിന്നു കേരള ട്രാൻസ്പോർട്ട് കോർപറേഷന്റെ 27, കർണാടകയുടെ 30 സർവീസുകളാണ് ആരംഭിച്ചത്.ഇതോടെ കർണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളും ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികളും വ്യാപാരികളും ഉൾപ്പെടെ അനുഭവിച്ചു വന്ന ദുരിതത്തിനു പരിഹാരമായി.
കെഎസ്ആർടിസിയുടെ പ്രധാന വരുമാന പാതകളിലൊന്നാണ് മംഗളൂരു-കാസർകോട് അന്തർ സംസ്ഥാന പാത. ലോക്ഡൗണിന് മുൻപ് ഈ 2 നഗരങ്ങൾക്കിടയിൽ ദിവസം അയ്യായിരത്തിലേറെ യാത്രക്കാർ സഞ്ചരിച്ചിരുന്നതായാണ് കണക്ക്. ലോക്ഡൗണിനു ശേഷം മംഗളൂരുവിലേക്ക് പോകേണ്ട ബസുകൾ ജില്ലാ അതിർത്തിയായ തലപ്പാടി വരെയാണ് സർവീസ് ഉണ്ടായിരുന്നത്. ദക്ഷിണ കന്നഡയിൽ നിന്ന് വരുന്ന ബസുകൾ കാസർകോട് അതിർത്തി വരെയുമായിരുന്നു സർവീസ്.
ആർടിപിസിആർ സർട്ടിഫിക്കറ്റ് കണ്ടക്ടർമാർ പരിശോധിക്കും
കേരളത്തിൽ നിന്ന് അതിർത്തി കടന്നെത്തുന്നവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിബന്ധന ഔദ്യോഗികമായി ഇപ്പോഴും പിൻവലിച്ചിട്ടില്ല. കേരളത്തിൽ നിന്നു മംഗളൂരുവിലേക്ക് ബസുകളിൽ വരുന്നവർ 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ നെഗറ്റീവ് പരിശോധനാ റിപ്പോർട്ട് ഹാജരാക്കണമെന്നും ബസ് കണ്ടക്ടർമാർ ഇതു പരിശോധിക്കണമെന്നും ദക്ഷിണ കന്നഡ ജില്ലാ ഡപ്യൂട്ടി കമ്മിഷണർ ഡോ. കെ.വി.രാജേന്ദ്ര നിർദേശം നൽകിയിട്ടുണ്ട്.പ്രതിദിന യാത്രക്കാർ 7 ദിവസത്തിൽ ഒരിക്കൽ ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. മറ്റു കോവിഡ് മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
കാഞ്ഞങ്ങാട് – ബെംഗളൂരു ഡീലക്സ് സർവീസ് പുനരാരംഭിച്ചു
കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി സർവീസ് നിർത്തി വച്ചിരുന്ന കെഎസ്ആർടിസിയുടെ കാഞ്ഞങ്ങാട് – ബെംഗളൂരു ഡീലക്സ് സർവീസ് പുനരാരംഭിച്ചു. കാസർകോട്, കണ്ണൂർ ജില്ലകളിലെ മലയോര മേഖലകൾക്ക് ഏറെ ഉപകാരപ്രദമായ ഈ സർവീസ് റിസർവേഷൻ സൗകര്യത്തോടെ ആരംഭിച്ചത് യാത്രക്കാർക്ക് സൗകര്യമായി.
യാത്രക്കാർക്ക് മലയോര മേഖല പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമ്മാന പദ്ധതിയും കുടിവെള്ള സൗകര്യവും മറ്റും ക്രമീകരിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ബെംഗളൂരു സർവീസുകളിൽ ഏറ്റവും മികച്ചതാക്കി മാറ്റിയ 5 സർവീസുകളിൽ ഒന്നാണ് കെഎസ്ആർടിസിയുടെ കാഞ്ഞങ്ങാട് -ബെംഗളൂരു സർവീസ്.

