KSDLIVENEWS

Real news for everyone

അങ്കണവാടികൾ തുറക്കുന്നു; കുട്ടികൾ വരേണ്ടതില്ലെന്ന് തീരുമാനം

SHARE THIS ON

കണ്ണൂർ:കോവിഡിനെത്തുടർന്ന് പൂട്ടിയ സംസ്ഥാനത്തെ 33,000-ഒാളം അങ്കണവാടികൾ തുറക്കാൻ തീരുമാനം. ഡിസംബർ 21 മുതൽ പ്രവർത്തനം പുനരാരംഭിക്കും. കുട്ടികൾ വരേണ്ടതില്ലെങ്കിലും ടീച്ചർമാരും ഹെൽപ്പർമാരും ഉൾപ്പെടെ 70,000-ഒാളം ജീവനക്കാർ എത്തണം.
കുട്ടികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കുമുള്ള പോഷകാഹാരങ്ങൾ അതത് അങ്കണവാടികളിൽനിന്ന്‌ ഗുണഭോക്താക്കളുടെ വീട്ടിലേക്ക് കൊടുക്കണം. രക്ഷിതാക്കൾ അങ്കണവാടികളിലെത്തി അത് കൈപ്പറ്റുന്ന രീതി തുടരണമെന്നാണ് നിർദേശം. അതിനിടെ സ്മാർട്ട് അങ്കണവാടി പദ്ധതി സെർവർ തകരാർ കാരണം പഴയപടിയായത് ജീവനക്കാർക്ക് ബുദ്ധിമുട്ടാകും.
കഴിഞ്ഞവർഷം പല അങ്കണവാടികകൾക്കും സർക്കാർ സ്മാർട്ട് ഫോൺ നൽകിയിരുന്നു. ഓരോ അങ്കണവാടി പരിധിയിലെയും കുട്ടികളുടെയും മറ്റും വിവരങ്ങൾ 11 രജിസ്റ്ററുകളിൽ എഴുതി സൂക്ഷിക്കേണ്ടതിനുപകരം അത് മൊബൈൽ ഫോൺ വഴി അപ്‌ലോഡ് ചെയ്താൽ മതിയായിരുന്നു. ഇതിനുവേണ്ടിയാണ് ലക്ഷങ്ങൾ ചെലവഴിച്ച് സ്മാർട്ട് ഫോണുകൾ അങ്കണവാടികൾക്ക് നൽകിയത്. ഫോണുകൾ പലതും കേടായതിനുപുറമെ ഇപ്പോൾ സെർവറും തകരാറിലായി.
കോവിഡ് കാരണം അങ്കണവാടികൾ അടച്ചതോടെ ഡേറ്റാശേഖരണം നിലച്ചതാണ്. കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് ഇറക്കിയ ഉത്തരവിൽ 11 രജിസ്റ്ററുകളും പഴയപടി എഴുതണമെന്ന് നിർദേശിച്ചിട്ടുണ്ട്.
കുട്ടികൾ വരുന്നില്ലെങ്കിലും അങ്കണവാടികളുടെ എല്ലാ പ്രവർത്തനങ്ങളും നടപ്പാക്കണമെന്നാണ് നിർദേശം. പോഷകത്തോട്ടം പരിപാലിക്കുകയും ഗുണഭോക്താക്കൾക്ക് ഭക്ഷണമെത്തിക്കുകയും വേണം. കുടുംബങ്ങളിലേക്ക് അങ്കണവാടികൾ പദ്ധതി തുടരണം. ദേശീയ പോഷകാഹാര മിഷനുമായി ബന്ധപ്പെട്ടുള്ള സർവെകൾ, ദൈനംദിന ഗൃഹസന്ദർശനം എന്നിവ കോവിഡ് മാനദണ്ഡം പാലിച്ച് വൈകുന്നേരം 3.30-നുശേഷം നടത്തണം. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുകയും വേണം. സി.ഡി.പി.ഒ.മാരുടെയും സൂപ്പർവൈസർമാരുടെയും പ്രതിമാസ അങ്കണവാടി സന്ദർശനം കൃത്യമായി നടക്കുന്നുണ്ടോയെന്ന് പ്രോഗ്രാം ഓഫീസർമാർ പരിശോധിക്കണം.
അതിനിടെ അങ്കണവാടികൾക്ക് പഞ്ചായത്തുകൾ നൽകുന്ന വിഹിതം കൃത്യമായി ലഭിക്കുന്നില്ലെന്ന് ആക്ഷേപമുയർന്നു. പഞ്ചായത്തുകളുടെ സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. ഒരു പഞ്ചായത്ത് വർഷം ശരാശരി 30 മുതൽ 50 ലക്ഷം രൂപവരെ അങ്കണവാടികൾക്ക് വിഹിതം നൽകേണ്ടതുണ്ട്. ഒരു കുട്ടിക്ക് 25 ദിവസത്തേക്ക് 1.25 കിലോ അരി, 375 ഗ്രാം പയർ, 1.25 കിലോ ഗോതമ്പ്, 250 ഗ്രാം വെളിച്ചെണ്ണ എന്നിവയാണ് നൽകേണ്ടത്. അമൃതം പൊടിയും ഗർഭിണികൾക്കും മൂലയൂട്ടുന്ന അമ്മമാർക്കുമുള്ള പോഷകാഹാരവും വിതരണം ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!