KSDLIVENEWS

Real news for everyone

കരിപ്പൂർ വിമാന അപകടത്തിന്റെ നഷ്ടപരിഹാരം പൂർണമായും നൽകാതെ വിമാനക്കമ്പനി , നൽകിയത് 10 ലക്ഷം മാത്രം

SHARE THIS ON

കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ കുടുബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കുമുളള നഷ്ടപരിഹാരം പൂര്‍ണമായി നല്‍കാതെ വിമാനക്കമ്ബനി. ആദ്യഘട്ടത്തില്‍ എയര്‍ഇന്ത്യ നല്‍കിയ 10 ലക്ഷം രൂപ മാത്രമാണ് ഇവര്‍ക്ക് കിട്ടിയത്. ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഓഗസ്റ്റ് 7നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ടത്. പൈലറ്റും സഹപൈലറ്റുമടക്കം 18 പേര്‍ മരിച്ചു. 172 പേര്‍ക്ക് പരിക്കേറ്റു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇടക്കാല സഹായം മാത്രമാണ് എയര്‍ഇന്ത്യ അധികൃതര്‍ ഇതുവരെ നല്‍കിയത്. പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ചികിത്സ ചെലവും നല്‍കി. എയര്‍ഇന്ത്യക്ക് ഇന്‍ഷുറന്‍സ് തുക മുഴുവനായി കിട്ടിയിട്ടും പിന്നീട് നല്‍കേണ്ട നഷ്ടപരിഹാരം അപകടത്തിന് ഇരയായവര്‍ക്ക് നല്‍കിയില്ലെന്നാണ് പരാതി. നഷ്ടപരിഹാരം എത്രയും പെട്ടെന്ന് നല്‍കാന്‍ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് അപകടത്തില്‍ മരിച്ച ഷറഫുദ്ദീന്‍റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

1999ലെ ക്യാരേജ് ബൈ എയര്‍ക്രാഫ്റ്റ് ആക്ടിലെ റൂള്‍ 17ഉം20 ഉം പ്രകാരം അന്താരാഷ്ട്ര വിമാന അപകടത്തില്‍പെടുന്ന ഓരോ യാത്രക്കാര്‍ക്കും 1,20,03,840 (ഒരു കോടി 20 ലക്ഷത്തി മുപ്പത്തി മൂവായിരത്തി എണ്ണൂറ്റി നാല്‍പ്പത് രൂപ) രൂപ നല്‍കണമെന്നാണ് ചട്ടം. ഈ തുക നല്‍കാതെ, കമ്ബനി നിശ്ചയിച്ച തുക മാത്രമേ നല്‍കൂ എന്നാണ് എയര്‍ഇന്ത്യയുടെ നിലപാട്. ഇത് ചൂണ്ടിക്കാട്ടി കമ്ബനി പലര്‍ക്കുമയച്ച നോട്ടീസ് പ്രകാരം അപകടത്തില്‍പ്പെട്ടവര്‍ക്ക് നല്‍കുന്നത് തുച്ഛമായ തുക മാത്രമാണ്.

അപകടത്തില്‍ മരിച്ച പലരുടേയും കുടുംബങ്ങളുടെ ജീവിതം വഴിമുട്ടിയനിലയിലാണ്. പരിക്കേറ്റവരില്‍ പലരും ജോലി ചെയ്യാന്‍ കഴിയാതെയും ബുദ്ധിമുട്ടുന്നു. ഈ അവസ്ഥയില്‍ നഷ്ടപരിഹാരം കിട്ടാതെ മുന്നോട്ട് പോകാനാവില്ലെന്ന അവസ്ഥയിലാണ് ഇവര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!