യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആൾദൈവവും ഒത്താശ ചെയ്ത ഭാര്യയും അറസ്റ്റിൽ

ചെന്നൈ:വിവാഹിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആൾദൈവത്തെയും ഒത്താശ ചെയ്ത ഭാര്യയെയും ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. കൊളത്തൂർ വിനായകപുരത്ത് ഷിർദിപുരം സർവശക്തിപീഠം എന്ന പേരിൽ ആശ്രമം നടത്തുന്ന ‘നാണു ബാബ’ എന്ന സത്യനാരായണൻ (48), ഭാര്യ പുഷ്പലത (44) എന്നിവരാണ് പിടിയിലായത്.
പരാതിക്കാരിയെ പ്ലസ്ടുവിനു പഠിക്കുമ്പോൾ മുതൽ അഞ്ചുവർഷത്തോളമായി പ്രതി സത്യനാരായണൻ പീഡിപ്പിച്ചിരുന്നുവെന്ന് കേസന്വേഷിക്കുന്ന മാധാവരം ഓൾ വുമൻ പോലീസ് പറഞ്ഞു. 2016-ൽ പ്രായപൂർത്തിയാകുന്നതിന് മുമ്പായിരുന്നു ആശ്രമത്തിൽവെച്ച് യുവതി ആദ്യം പീഡനത്തിനിരയായത്. പാപങ്ങൾ ഇല്ലാതാക്കുകയാണെന്നു പറഞ്ഞായിരുന്നു ലൈംഗികചൂഷണം. പിന്നീട് യുവതിയുടെ നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയും ലൈംഗികോപദ്രവം തുടർന്നു.
രണ്ടുവർഷം മുമ്പ് യുവതിയുടെ വിവാഹം കഴിഞ്ഞു. ഭർത്താവ് ജോലിക്കായി വിദേശത്തേക്ക് പോയതറിഞ്ഞതോടെ സത്യനാരായണൻ വീണ്ടും യുവതിയെ സമീപിച്ചു. നഗ്നദൃശ്യങ്ങൾ ഭർത്താവിന് അയച്ചുനൽകുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. കഴിഞ്ഞവർഷം മേയിൽ യുവതി ഗർഭിണിയായി. കുഞ്ഞിനെ വളർത്താനുള്ള യുവതിയുടെ തീരുമാനത്തോട് ആദ്യം വിയോജിച്ച ഭർത്താവ് പിന്നീട് അനുകൂലിച്ചു. ഫെബ്രുവരിയിൽ കുഞ്ഞ് ജനിച്ചപ്പോൾ നാട്ടിലെത്തിയ ഭർത്താവ് വിദേശത്തേക്ക് മടങ്ങിയതോടെ സത്യനാരായണൻ വീണ്ടും ഭീഷണിപ്പെടുത്താൻ തുടങ്ങി. തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്. അറസ്റ്റിലായ പ്രതികൾക്കെതിരേ പോക്സോ ചുമത്തി. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. മറ്റേതെങ്കിലും ഭക്തരെ ആൾദൈവം ഇത്തരത്തിൽ ചൂഷണം ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരുകയാണെന്നും പോലീസ് അറിയിച്ചു

