പിന്തുണയുമായി ഇടതുപാർട്ടികൾ; 118 എന്ന മാന്ത്രിക സംഖ്യ തൊട്ട് ടിവികെ, വിജയ് ഇന്ന് ഗവർണറെ കാണും

ന്യൂഡൽഹി: തമിഴ്‌നാട്ടിൽ വിജയ്ക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. തമിഴ്‌നാട്ടിൽ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെയാണ് സിപിഎം ജനറൽ സെക്രട്ടറിയുടെ വാക്കുകളെന്നതാണ് ശ്രദ്ധേയം. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ, വിസികെ പാർട്ടികളുടെ ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഈ നിലപാടിലെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഐ, സിപിഎം, വിസികെ പാർട്ടികളുടെ തമിഴ്‌നാട് നേതൃത്വങ്ങൾ ഇക്കാര്യത്തിൽ വെള്ളിയാഴ്ച ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ വിജയ് രണ്ടാഴ്ച മാത്രമാണ് സമയം ചോദിച്ചതെന്നും എന്നാൽ ഗവർണർ കീഴ്വഴക്കം ലംഘിക്കുകയാണെന്നും എം.എ ബേബി പറഞ്ഞു.
അതേസമയം തമിഴ്നാട് നിയമസഭയിൽ സർക്കാർ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം ഉറപ്പിച്ചതായാണ് റിപ്പോർട്ട്. കോൺഗ്രസ്, വിസികെ, ഇടതുപക്ഷ കക്ഷികൾ എന്നിവരുടെ പിന്തുണ വിജയ്ക്ക് ലഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
234 അംഗങ്ങളുള്ള തമിഴ്നാട് നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ 118 സീറ്റുകളാണ് വേണ്ടത്. 107 എംഎൽഎമാരുള്ള ടിവികെയെ, അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസും രണ്ട് വീതം എംഎൽഎമാരുള്ള സിപിഐ, സിപിഎം, വിസികെ എന്നീ കക്ഷികളും പിന്തുണയ്ക്കാൻ തീരുമാനിച്ചു. ഇതോടെ വിജയിയുടെ സഖ്യത്തിന് 118 എന്ന മാന്ത്രിക സംഖ്യയിൽ എത്താൻ സാധിച്ചു.
ഭൂരിപക്ഷം തെളിയിക്കുന്ന രേഖകളുമായി വിജയ് വെള്ളിയാഴ്ച വൈകുന്നേരം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ഇതിന് മുന്നോടിയായി പിന്തുണയ്ക്കുന്ന കക്ഷികൾ സംയുക്ത വാർത്താ സമ്മേളനം നടത്തുമെന്നും പ്രതീക്ഷിക്കുന്നു.
മേയ് നാലിന് പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലത്തിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കാട്ടി ഗവർണർ നേരത്തെ വിജയിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാൻ തയ്യാറായിരുന്നില്ല. ഇതേത്തുടർന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ളവർ ഇടപെട്ട് പിന്തുണ ഉറപ്പാക്കിയത്.
വിജയ്ക്ക് പിന്തുണ നൽകിയെങ്കിലും, അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തന ശൈലിയെ സഖ്യകക്ഷികൾ വിമർശിച്ചു. സഖ്യകക്ഷികളെ നേരിട്ട് കാണാതെ വാട്ട്‌സ്ആപ്പ് സന്ദേശം വഴി പിന്തുണ തേടിയ വിജയ്‌യുടെ നടപടിയെ വിസികെ നേതാവ് ചിന്തനൈ സെൽവൻ പരസ്യമായി വിമർശിച്ചിരുന്നു. എന്നാൽ തമിഴ്നാട്ടിൽ ബിജെപി ഭരണം അടിച്ചേൽപ്പിക്കാൻ ഗവർണറെ ഉപയോഗിക്കുന്നത് തടയാനാണ് വിജയ്‌യെ പിന്തുണയ്ക്കുന്നതെന്ന് അവർ വ്യക്തമാക്കി.

