ജനൽമറ താഴ്ത്തി വിമാനത്തിൽ, 10 മണിക്കൂർ ട്രെയിനിൽ; സംഭവബഹുലം, ബൈഡന്റെ കീവ് യാത്ര

“ന്യൂയോർക്ക് ∙ റഷ്യൻ ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിനു മുൻപ് യുക്രെയ്ൻ തലസ്ഥാനമായ കീവിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ മിന്നൽ സന്ദർശനത്തിനു പിന്നിൽ അതീവ ശ്രദ്ധയോടെയുള്ള മുന്നൊരുക്കങ്ങൾ. യുഎസിന്റെ ആധുനിക ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്റ് അമേരിക്കൻ സേനാ സാന്നിധ്യമില്ലാത്ത യുദ്ധഭൂമിയിൽ സന്ദർശനം നടത്തുന്നത്. അതും ബദ്ധവൈരികളായ റഷ്യൻ സൈന്യം തുടർച്ചയായി ആക്രമണം നടത്തുന്ന യുക്രെയ്നിൽ! അതീവ വെല്ലുവിളി നിറഞ്ഞ ഇത്തരമൊരു സന്ദർശനത്തിനായി യുഎസ് അധികൃതർ രഹസ്യമായി വൻതോതിലുള്ള സുരക്ഷാ മുന്നൊരുക്കങ്ങളാണ് നടത്തിയതെന്നാണ് വൈറ്റ് ഹൗസുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. മാസങ്ങളെടുത്ത് തയാറാക്കിയ പദ്ധതി പ്രകാരം, യുഎസിൽനിന്ന് യാത്ര ആരംഭിച്ചതു മുതൽ കീവിൽ എത്തുന്നതു വരെയുള്ള ഓരോ നീക്കവും അതീവ രഹസ്യമായിരുന്നു”

