നാടിനെ നടുക്കിയ പാലക്കാട് ഇരട്ടക്കൊല; പ്രതികള്‍ കാണാമറയത്ത്, ഇഴഞ്ഞുനീങ്ങി അന്വേഷണം

പാലക്കാട്: പാലക്കാട്ടെ ഇരട്ടക്കൊലയില്‍ (Palakkad Murder) എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങി അന്വേഷണം. സുബൈര്‍ വധത്തില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ഗൂഡാലോചനയിലേക്ക് പൊലീസിന് എത്താനായിട്ടില്ല. ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞെന്നും അവര്‍ കേരളത്തില്‍ തന്നെയുണ്ടെന്ന് പറയുമ്ബോഴും അതില്‍ ഒരാളെപ്പോലും പിടികൂടാന്‍ പൊലീസിനായിട്ടില്ല. സുബൈര്‍ വധത്തില്‍ പ്രതികള്‍ പോയ വഴികളിലെ സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോളുകളും പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.
ശ്രീനിവാസന്റെ കൊലപാതകത്തില്‍ പങ്കെടുത്ത ഒരാളെയെങ്കിലും പിടികൂടിയാല്‍ മാത്രമേ മറ്റു പ്രതികളിലേക്കും ഗൂഡാലോചനക്കാരിലേക്കും എത്താന്‍ കഴിയൂ. കുറെയേറെപ്പേരെ കരുതല്‍ തടങ്കലില്‍ വെച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്ന് മുന്നോട്ടു പോകാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. അതേസമയം, 24 മണിക്കൂറിനിടെ രണ്ട് കൊലപാതകം നടന്നതോടെ പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്.
ജില്ലയില്‍ നിരോധനാജ്ഞ ഏപ്രില്‍ 24 വരെ തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കുത്തിയതോട് പോപുലര്‍ ഫ്രണ്ട് പ്രവര്ത്തകന് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേലാമുറിയില്‍ ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടത്. ഇതോടെയാണ് ജില്ലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൊലപാതകങ്ങളെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട് 16ന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇപ്പോള്‍ നീട്ടിയത്.
ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. ഇന്ത്യന്‍ ആയുധ നിയമം സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്ഫോടക വസ്തു നിയമം 1884 ലെ സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഊഹാപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.

