ബോറിസ് ജോണ്‍സന്റെ ഗുജറാത്ത് സന്ദര്‍ശനം: അഹമ്മദാബാദില്‍ ചേരികള്‍ തുണികെട്ടി മറച്ചു

അഹമ്മദാബാദ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി ഗുജറാത്തില്‍ ചേരികള്‍ വ്യാപകമായി തുണികെട്ടി മറച്ചു. അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിനു സമീപത്തുള്ള ചേരികളാണ് ഉയരത്തില്‍ തുണികെട്ടി മറച്ചിരിക്കുന്നത്. മുന്‍പ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരുടെയെല്ലാം സന്ദര്‍ശനവേളയിലും ഇത്തരത്തില്‍ ചേരികള്‍ മറച്ചത് വന്‍വിവാദമായിരുന്നു.
എക്‌ണോമിക് ടൈംസിലെ ഡി.പി ഭട്ടയാണ് ചേരികള്‍ മറച്ചുകെട്ടിയതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പുറത്തുവിട്ടത്. ആശ്രമത്തിലേക്കുള്ള പാതയോരങ്ങള്‍ മുഴുവന്‍ വെള്ള നിറത്തിലുള്ള തുണികൊണ്ട് ഉയരത്തില്‍ മറച്ചിരിക്കുകയാണ്. അഹമ്മദാബാദ് നഗരത്തിലുടനീളം ബോറിസ് ജോണ്‍സനെ സ്വാഗതം ചെയ്തുകൊണ്ടുള്ള വലിയ ഹോര്‍ഡിങ്ങുകളും സ്ഥാപിച്ചിട്ടുണ്ട്.
നേരത്തെ 2020 ഫെബ്രുവരില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഗുജറാത്ത് സന്ദര്‍ശന സമയത്തും അഹമ്മദാബാദില്‍ ചേരികള്‍ മതില്‍കെട്ടി മറച്ചിരുന്നു. ട്രംപിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വാഹനവ്യൂഹം കടന്നുപോയ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളം മുതല്‍ ഇന്ദിരാ ബ്രിഡ്ജ് വരെയുള്ള പാതയോരങ്ങളിലെല്ലാം ചേരികള്‍ മറക്കാനായി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ ഉയരത്തില്‍ മതില്‍കെട്ടുകയായിരുന്നു. 2014ല്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സന്ദര്‍ശന സമയത്തും സമാനമായ നടപടിയുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സബര്‍മതി ആശ്രമം സന്ദര്‍ശിച്ച്, ഗൗതം അദാനിയെ കണ്ട് ആദ്യദിനം
ഇന്നു രാവിലെയാണ് ദ്വിദിന സന്ദര്‍ശനത്തിനായി ബോറിസ് ജോണ്‍സന്‍ ഇന്ത്യയിലെത്തിയത്. അഹമ്മദാബാദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹത്തെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ഗവര്‍ണര്‍ ആചാര്യ ദേവരഥ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വിമാനത്താവളത്തില്‍ പരമ്ബരാഗത ഗുജറാത്തി നൃത്ത കലാപരിപാടികളോടെയായിയിരുന്നു വരവേല്‍പ്പ്. ഇതാദ്യമായാണ് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ഗുജറാത്ത് സന്ദര്‍ശിക്കുന്നത്.
തുടര്‍ന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം റോഡ്‌ഷോയായാണ് താമസസൗകര്യം ഒരുക്കിയ ആശ്രമം റോഡിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയത്. ഇവിടെനിന്ന് പട്ടേലിനൊപ്പം സബര്‍മതി ആശ്രമത്തിലെത്തി. ആശ്രമിത്തില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. ആശ്രമത്തിലുള്ള ചര്‍ക്കയില്‍ അദ്ദേഹം നൂല്‍നൂറ്റു. മഹാത്മാ ഗാന്ധി ജീവിതകാലത്ത് കഴിഞ്ഞിരുന്ന ഹൃദയകുഞ്ചും ഗാന്ധിയുടെ ബ്രിട്ടീഷ് ശിഷ്യയായിരുന്ന മീരാബെന്‍ താമസിച്ചിരുന്ന മീരാ കുടീരും സന്ദര്‍ശിച്ചു. ആശ്രമത്തിന്റെ സമ്മാനമായി ചര്‍ക്കയുടെ മാതൃകയും മഹാത്മാ ഗാന്ധിയുടെ അപ്രകാശിത കൃതിയായ Guide to Londonഉം, മീരാബെന്നിന്റെ ആത്മകഥ The Spirit’s Pilgrimageഉം ഭൂപേന്ദ്ര പട്ടേല്‍ ജോണ്‍സന് കൈമാറി.
തുടര്‍ന്ന് അഹമ്മദാബാദിലെത്തിയ ജോണ്‍സന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിയുമായി കൂടിക്കാഴ്ച നടത്തി. പ്രമുഖ ഇന്ത്യന്‍ വ്യവസായികളുമായും ഇന്ന് പ്രത്യേക കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ശേഷം പഞ്ച്മഹലിലെ ജെ.സി.ബി നിര്‍മാണ യൂനിറ്റ് സന്ദര്‍ശിക്കും. ഗാന്ധിനഗറില്‍ നിര്‍മാണത്തിലുള്ള ഗുജറാത്ത് ബയോടെക്‌നോളജി സര്‍വകലാശാലാ കാംപസിലുമെത്തുമെന്നാണ് അറിയുന്നത്. തുടര്‍ന്ന് അക്ഷര്‍ധാം ക്ഷേത്രവും സന്ദര്‍ശിച്ച ശേഷമായിരിക്കും ഡല്‍ഹിയിലേക്ക് തിരിക്കുക.
നാളെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വ്യാപാര, പ്രതിരോധ രംഗങ്ങളിലെല്ലാം സുപ്രധാന കരാറുകളില്‍ ഇരുനേതാക്കളും ഒപ്പുവയ്ക്കുമെന്നാണ് അറിയുന്നത്. ഇന്ത്യയുമായുള്ള നിര്‍ദിഷ്ട സ്വതന്ത്ര വ്യാപാര കരാര്‍(എഫ്.ടി.എ) നേടിയെടുക്കല്‍ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമാണെന്നാണ് വിവരം.

