KSDLIVENEWS

Real news for everyone

ലക്ഷദ്വീപ് തീരത്തെ ഹെറോയിന്‍ വേട്ട; കന്യാകുമാരിയില്‍ വ്യാപക റെയ്ഡ്, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം

SHARE THIS ON

കൊച്ചി: ലക്ഷദ്വീപ് തീരത്തിനടുത്ത് പുറംകടലില്‍ 1526 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി കേന്ദ്ര ഏജന്‍സികള്‍. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ കന്യാകുമാരി, നാഗര്‍കോവില്‍ മേഖലകളില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) വ്യാപകമായ റെയ്ഡ് നടത്തുകയാണ്. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാണ് ഡി.ആര്‍.ഐ.യുടെ പരിശോധന. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളായ റോയും എന്‍.ഐ.എ.യും വിവരങ്ങള്‍ തേടിയിട്ടുണ്ട്.


വ്യാഴാഴ്ച അര്‍ധരാത്രിയാണ് ഡി.ആര്‍.ഐ.യും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് രണ്ട് ബോട്ടുകളില്‍നിന്നായി 218 കിലോ ഹെറോയിന്‍ ലഹരിമരുന്ന് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന നാലുമലയാളികളടക്കം 20 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം കോസ്റ്റ് ഗാര്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ മണിക്കൂറുകളോളം ഇവരെ ചോദ്യംചെയ്തു. ഇരുപതുപേരെയും ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

തമിഴ്നാട്ടില്‍നിന്നുള്ള രണ്ട് ബോട്ടുകളാണ് രഹസ്യവിവരത്തെത്തുടര്‍ന്ന് പിടികൂടിയത്. അഫ്ഗാനിസ്താനില്‍നിന്നുള്ള ഹെറോയിന്‍ പാകിസ്താനില്‍നിന്ന് പുറംകടലില്‍ എത്തിച്ചാണ് ബോട്ടുകളിലേക്കു മാറ്റിയതെന്നാണ് സംശയിക്കുന്നത്. കന്യാകുമാരിയായിരുന്നു ബോട്ടുകളുടെ ലക്ഷ്യമെന്നാണ് ചോദ്യംചെയ്യലില്‍നിന്നു വ്യക്തമായത്. പ്രിന്‍സ്, ലിറ്റില്‍ ജീസസ് എന്നീ മീന്‍പിടിത്ത ബോട്ടുകളില്‍നിന്നാണ് ഹെറോയിന്‍ പായ്ക്കറ്റുകള്‍ ചാക്കില്‍ നിറച്ച് അറയില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഓരോ പായ്ക്കറ്റിലും ഓരോ കിലോ ഹെറോയിന്‍ ഉണ്ടായിരുന്നു. പുറംകടലില്‍ കപ്പലിലെത്തുന്ന ഹെറോയിന്‍ മീന്‍പിടിത്ത ബോട്ടിലേക്കുമാറ്റി തീരത്തെത്തിക്കാറുണ്ടെന്ന് ബോട്ടിലുണ്ടായിരുന്നവര്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!