KSDLIVENEWS

Real news for everyone

ജാതിസമവാക്യങ്ങളല്ല പരിഗണിക്കേണ്ടത്’; KPCC അധ്യക്ഷസ്ഥാനത്തേക്ക് യോഗ്യൻ താനെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

SHARE THIS ON

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ഇതുമായി ബന്ധപ്പെട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ എന്നിവർക്ക് ഇ-മെയിൽ സന്ദേശം അയച്ചതായി അദ്ദേഹം പറഞ്ഞു.

നിലവിൽ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരേക്കാൾ യോഗ്യൻ താനാണെന്നും പാർട്ടിക്കകത്തെ ജാതിസമവാക്യങ്ങൾ മാത്രം നോക്കി അധ്യക്ഷനെ നിശ്ചയിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ പൈതൃകം, പ്രവർത്തന പരിചയം, യോഗ്യത എന്നിവയായിരിക്കണം അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങളെന്നും അദ്ദേഹം പറഞ്ഞു.

1978 മുതൽ കേരള രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമാണ്. കെഎസ്‌യു, യൂത്ത് കോൺഗ്രസ്, സേവാദൾ അഖിലേന്ത്യാ സെക്രട്ടറി, കെപിസിസി ജനറൽ സെക്രട്ടറി, കോൺഗ്രസ് വക്താവ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച തന്റെ സീനിയോറിറ്റി പരിഗണിക്കേണ്ടതാണ്. കേരളത്തിലെ 14 ജില്ലകളിലെയും 140 അസംബ്ലി മണ്ഡലങ്ങളിലെയും കോൺഗ്രസ് പ്രവർത്തകരെ നേരിട്ട് അറിയാവുന്ന ഒരാളായിരിക്കണം കെപിസിസി പ്രസിഡന്റ് ആകേണ്ടത്. നിലവിൽ ചർച്ചകളിൽ ഉയരുന്ന പേരുകളിൽ ഏറ്റവും കൂടുതൽ പ്രവർത്തന പാരമ്പര്യമുള്ളത് തനിക്കാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി പാർട്ടിയോടാണ് തന്റെ കൂറെന്നും പിന്തുണയുണ്ടാക്കാൻ പിആർ വർക്കുകളോ ഫേക്ക് അക്കൗണ്ടുകളോ തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാൾക്ക് ഒരു പദവി എന്ന നയം ഇന്ത്യയിലുടനീളം നടപ്പാക്കുകയാണെങ്കിൽ അത് അംഗീകരിക്കാൻ തയ്യാറാണ്. എന്നാൽ, നിലവിൽ എംപിമാരെയും എംഎൽഎമാരെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിൽ ആ കൂട്ടത്തിൽ ഏറ്റവും യോഗ്യൻ താനാണെന്ന് ഉണ്ണിത്താൻ വ്യക്തമാക്കി.

എൽഡിഎഫിന്റെ ശക്തമായ സംഘടനാ സംവിധാനത്തെ പ്രതിരോധിക്കാൻ കെൽപ്പുള്ള നേതൃത്വമാണ് കോൺഗ്രസിന് ആവശ്യമെന്നും അതിന് തന്റെ പാരമ്പര്യവും ജനങ്ങൾക്കിടയിലെ സ്വീകാര്യതയും മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെപിസിസി പുനഃസംഘടന എത്രയും വേഗം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

error: Content is protected !!