KSDLIVENEWS

Real news for everyone

സ്പ്രിങ്ക്ളര്‍ അന്വേഷണ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ സര്‍ക്കാരിന് കൈമാറിയേക്കും

SHARE THIS ON

ചെന്നൈ: സ്പ്രിങ്ക്ളർ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് രണ്ടു ദിവസത്തിനുള്ളിൽ സംസ്ഥാന സർക്കാരിന് ലഭിച്ചേക്കും. ഇക്കഴിഞ്ഞ ഒക്ടോബർ പത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിരുന്നത്. എന്നാൽ രണ്ടാഴ്ച കൂടി വേണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടതായാണ് വിവരം. റിപ്പോർട്ട് പൂർത്തിയായിക്കഴിഞ്ഞെന്നും ഒന്നു രണ്ടു ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും കമ്മീഷൻ വൃത്തങ്ങൾ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. കോവിഡ് 19 സൃഷ്ടിച്ച അസാധാരണ സാഹചര്യങ്ങളാണ് സ്പ്രിങ്ക്ളർ ഇടപാടിന് തിടുക്കത്തിൽ രൂപം നൽകാൻ പ്രേരിപ്പിച്ചതെന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെട്ടിരുന്നത്. എന്നാൽ സ്പ്രിങ്ക്ളറുമായുള്ള കരാർ പുതുക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയും സ്പ്രിങ്ക്ളറിന്റെ പ്ലാറ്റ്്ഫോം ഉപയോഗിക്കപ്പെടാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ സർക്കാരിന്റെ ഈ അവകാശവാദം അർത്ഥരഹിതമായിരിക്കുയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

റിപ്പോർട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് എന്തെങ്കിലും പറയാൻ കമ്മീഷൻ ചെയർമാനും മുൻ കേന്ദ്ര വ്യോമയാന സെക്രട്ടറിയുമായ എം. മാധവൻ നമ്പ്യാർ വിസമ്മതിച്ചു. ”റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടേണ്ടത് സർക്കാരാണ്.” മാധവൻ നമ്പ്യാർ പറഞ്ഞു.
കോവിഡ് 19 വിവര ശേഖരണത്തിനും വിശകലനത്തിനുമായി 2020 മാർച്ച് 25-നാണ് കേരള സർക്കാർ സ്പ്രിങ്ക്ളറുമായി കരാറിലേർപ്പെട്ടത്. കരാർ വിവാദമായതോടെ ഇക്കഴിഞ്ഞ ഏപ്രിൽ 22-നാണ് കേരള സർക്കാർ രണ്ടംഗ അന്വേഷണ സമിതിക്ക് രൂപം നൽകിയത്. മുൻ കേരള സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിയും നിലവിൽ മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവുമായ രാജീവ് സദാനന്ദനായിരുന്നു സമിതിയിലുള്ള രണ്ടാമൻ. എന്നാൽ രാജീവിനെ കോവിഡ് 19 വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശകനായി നിയമിച്ചതോടെ രാജീവിന് പകരം സൈബർ സുരക്ഷാ വിദഗ്ധൻ ഗുൽഷൻ റായ് സമതി അംഗമായി. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരുന്നത്. റിപ്പോർട്ട് സമർപ്പിക്കാനുള്ള കാലാവധി പിന്നീട് സർക്കാർ ഒക്ടോബർ പത്ത് വരെ നീട്ടിക്കൊടുത്തു. നാലു കാര്യങ്ങളാണ് സർക്കാർ അന്വേഷണ സമിതിക്ക് വിട്ടത്. കൊവിഡ് 19 ബാധിതരുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സംവിധാനം സ്പ്രിങ്ക്ളറുമായുള്ള കരാറിൽ ഉറപ്പാക്കിയിട്ടുണ്ടോ എന്നതാണ് ആദ്യത്തേത്. സ്പ്രിങ്ക്ളറുമായി കരാറിലേർപ്പെട്ടപ്പോൾ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതാണ് സമിതി അന്വേഷിക്കുന്ന രണ്ടാമത്തെ കാര്യം. എന്തെങ്കിലും വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ കൊവിഡ് 19 ഉയർത്തുന്ന അസാധാരണ സാഹചര്യം അവ അനിവാര്യമാക്കിയിരുന്നോ എന്നതാണ് സമിതിയുടെ അന്വേഷണപരിധിയിലുള്ള മൂന്നാമത്തെ കാര്യം. ഭാവിയിൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകാനും സർക്കാർ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പ്രിങ്ക്ളറുമായുണ്ടാക്കിയ കരാറിൽ അഴിമതിയുണ്ടെന്നും നടപടിക്രമങ്ങൾ പാലിക്കാതെയാണ് കരാറിന് രൂപം നൽകിയതെന്നും വ്യക്തികളുടെ സ്വകാര്യത സ്പ്രിങ്ക്ളർ ലംഘിക്കുകയാണെന്നും ആക്ഷേപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കേരള സർക്കാരിനെതിരെ ഈ വിഷയത്തിൽ രംഗത്തു വന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!