KSDLIVENEWS

Real news for everyone

താല്‍പര്യമില്ലെങ്കില്‍ നിങ്ങള്‍ വോട്ട് ചെയ്യേണ്ട’ ; അണികളോട് പൊട്ടിത്തെറിച്ച് നിതീഷ് കുമാര്‍

SHARE THIS ON

പട്ന: ജെഡിയു തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ അണികളോട് പൊട്ടിത്തെറിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അണികളിൽ ചിലർ ലാലു യാദവ് സിന്ദാബാദ് എന്ന് മുദ്രാവാക്യം ഉയർത്തിയതാണ് നിതീഷിനെ പ്രകോപിപ്പിച്ചത്.

ആർജെഡി വിട്ട് ജെഡിയുവിൽ ചേർന്ന ചന്ദ്രിക റായ്ക്ക് വേണ്ടി നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. ആർജെഡി നേതാവും ലാലുവിന്റെ അടുത്ത സഹായിയുമായിരുന്ന ചന്ദ്രിക റായി അടുത്തിടെയാണ് ജെഡിയുവിൽ ചേർന്നു പ്രവർത്തിക്കാനാരംഭിച്ചത്. നിതീഷ് കുമാർ സംസാരിക്കുന്നതിനിടെയാണ് അണികൾക്കിടയിൽ നിന്നും ലാലു യാദവിനെ പിന്തുണച്ച് മുദ്രാവാക്യം വിളികൾ ഉയർന്നത്.

എന്ത് വിഡ്ഢിത്തമാണ് പറയുന്നത് എന്നായിരുന്നു നിതീഷ് കുമാറിന്റെ ആദ്യ പ്രതികരണം. ഇത്തരം വിഡ്ഢിത്തരം വിളിച്ചുകൂവുന്നവർ കൈ ഉയർത്തൂ എന്നായി നിതീഷ് കുമാറിന്റെ അടുത്ത വാക്കുകൾ. പിന്നാലെ അണികൾ ഒന്നടങ്കം നിശബ്ദരായി. ഇതിനിടയിൽ സദസ്സിൽ നിന്നൊരാൾ ‘കാലിത്തീറ്റ കള്ളൻ’ എന്ന് ഉറക്കെ പറഞ്ഞു. ലാലു പ്രസാദ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കാലിത്തീറ്റ കുംഭകോണ കേസിനെ ഉദ്ദേശിച്ചായിരുന്നു ഈ പരാമർശം. സദസ്സിന്റെ നിശബ്ദത നിതീഷ് കുമാറിനെ അൽപം ശാന്തനാക്കിയതോടെ അദ്ദേഹം പ്രസംഗം തുടർന്നു.

ബഹളം ഉണ്ടാക്കരുത്, നിങ്ങൾക്ക് എനിക്ക് വോട്ട് ചെയ്യാൻ താൽപര്യമില്ലെങ്കിൽ ചെയ്യരുത്, എന്നാൽ ആർക്കുവേണ്ടിയാണോ നിങ്ങൾ ഇവിടെയെത്തിയത്, അയാൾക്കുള്ള വോട്ടുകൾ ഇല്ലാതാക്കരുത്- നിതീഷ് കുമാർ പറഞ്ഞു.

10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന ആർജെഡി നേതാവിന്റെ വാഗ്ദാനത്തേയും നിതീഷ് കുമാർ വിമർശിച്ചു. 10 ലക്ഷം പേർക്ക് ശമ്പളം നൽകാൻ സർക്കാരിന്റെ പക്കൽ എവിടെ നിന്നാണ് പണം? നിങ്ങൾ വ്യാജനോട്ടുകൾ അച്ചടിക്കുന്നുണ്ടോ? എന്തുകൊണ്ട് 10 ലക്ഷം മാത്രം, ജോലി നൽകുന്നുവെങ്കിൽ എല്ലാവർക്കും നൽകണം. തേജസ്വി നൽകിയത് അസാധ്യമായ വാഗ്ദാനമാണെന്നും ഭൂമിയിലെ ആർക്കും ഇത് നടപ്പാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന തേജസ്വി യാദവിന്റെ പ്രഖ്യാപനം ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തുമോ എന്ന ആശങ്ക ജെഡിയു ക്യാമ്പിനുണ്ടെന്നും നിതീഷിനെ ഇത് അലട്ടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!