ജില്ലയിൽ യെലോ അലർട്ട് പിൻവലിച്ചു; മലയോരത്ത് മഴ തുടരാൻ സാധ്യത

കാസർകോട് ∙ ഇന്നലെയും ഇന്നും ജില്ലയിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന യെലോ അലർട്ട് മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് ഇന്നലെ രാവിലെ പിൻവലിച്ചു. ഇന്നലെ രാവിലെ പൊതുവേ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. മലയോരത്ത് ചിലയിടങ്ങളിൽ മഴ പെയ്തു. ഉച്ചയ്ക്കു ശേഷം ആകാശം മേഘാവൃതമായി. വൈകിട്ടോടെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചു.
മലയോര മേഖലയിൽ മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ 24 വരെ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അധികൃതർ പറഞ്ഞു. ഈ മാസം 26ന് കാലവർഷം സംസ്ഥാനത്തു നിന്ന് പിന്മാറുമെന്നും അതേ ദിവസം തന്നെ തുലാവർഷം ആരംഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറഞ്ഞു.
ജില്ലയിൽ 6 വില്ലേജുകളിൽ മണ്ണിടിച്ചിൽ സാധ്യത
പ്രധാനമായും വെള്ളരിക്കുണ്ട് താലൂക്കിലെ 6 വില്ലേജുകളിലാണ് മണ്ണിടിച്ചിൽ സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുള്ളത്. ബളാൽ, ചിറ്റാരിക്കൽ, പനത്തടി, മാലോത്ത്, കോടോത്ത്, കള്ളാർ. ഈ മേഖലകളിലാണ് ഉരുൾപൊട്ടൽ സാധ്യതയുള്ളതായി വിലയിരുത്തിയിട്ടുള്ളത്. 2018 ലെ പ്രളയത്തിനു ശേഷമാണ് ജിയോളജി, മണ്ണ് വകുപ്പുകൾ പഠനം നടത്തിയത്. പ്രളയത്തിനു ശേഷമുള്ള മാപ്പിങ് ജില്ലയിൽ പൂർണമായി നടത്തിയിട്ടില്ല. സംസ്ഥാനത്ത് 10 ജില്ലകളിലെ മാപ്പിങ്ങാണ് പൂർത്തിയാക്കിയിട്ടുള്ളത്. എന്തെങ്കിലും അടിയന്തര ഘട്ടമുണ്ടായാൽ തഹസിൽദാർ തലത്തിൽ ഇടപെട്ട് ആളുകളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാനുള്ള ക്രമീകരണങ്ങളുണ്ട്.
ഹോസ്ദുർഗ് താലൂക്കിൽ 3 വില്ലേജുകൾ മലയോര മേഖലയിലുണ്ട്. കയ്യൂർ, പ്ലായിക്കോട്, തിമിരി എന്നിവ. കാസർകോട് താലൂക്കിൽ ബന്തടുക്ക വില്ലേജും മലയോരത്ത് ഉൾപ്പെടുന്നു. ഈ മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണിയില്ലെന്നാണ് പൊതുവായ വിലയിരുത്തൽ. ഓറഞ്ച് ബുക്ക് – 2021ലെ നിർദേശങ്ങൾ അനുസരിച്ചുള്ള തയാറെടുപ്പുകളാണ് ബന്ധപ്പെട്ട വകുപ്പുകൾ നടത്തുന്നത്

