തങ്കക്കടത്ത്; കാറിന്റെ പിൻസീറ്റിൽ രഹസ്യ അറ

കാസർകോട്: ഒറ്റനോട്ടത്തിൽ സീറ്റിന്റെ ഭാഗമാണെന്ന് തോന്നും വിധമുള്ള രഹസ്യ അറയിലാണ് തങ്കക്കട്ടികൾ ഒളിപ്പിച്ചിരുന്നത്. കാറിൽ കടത്താൻ ശ്രമിച്ച തങ്കക്കട്ടികളുമായി രണ്ട് കർണാടക സ്വദേശികളെ കാസർകോട് കസ്റ്റംസ് പിടിച്ച സംഭവത്തിലാണിത്. ഇരുമ്പുപ്ലേറ്റ് കൊണ്ട് പ്രത്യേകമായി നിർമിച്ച സീറ്റായിരുന്നു കാറിനുള്ളിൽ ഉപയോഗിച്ചിരുന്നത്. പിൻസീറ്റിന്റെ നടുവിലായാണ് അറ നിർമിച്ചിരുന്നത്. അറ തുറക്കാനായി ഒരു മൂടിയും ഇതിനോടൊപ്പമുണ്ടായിരുന്നു. തങ്കക്കട്ടികൾ ഒളിപ്പിച്ചശേഷം മൂടി അടച്ച് ഇതിനുമുകളിലൂടെ സീറ്റ് കവർ കൂടി ഇടുന്നതോടെ സീറ്റിനുള്ളിൽ അറയുണ്ടെന്ന് തോന്നുകയേ ഇല്ല. സീറ്റ് കവർ അഴിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് രഹസ്യ അറ കണ്ടെത്താനായത്.
കഴിഞ്ഞ വർഷം ഫെബ്രുവരി അഞ്ചിന് ഇതേ സ്ഥലത്തുവെച്ച് സമാനമായരീതിയിൽ തങ്കക്കട്ടികൾ പിടികൂടിയിരുന്നു. അതുമായി ഈ കടത്തിന് ബന്ധമുണ്ടോയെന്ന സംശയത്തിലാണ് കസ്റ്റംസ്.
സ്വർണക്കടത്ത് കൂടുതൽ ലാഭത്തിനായി
സംസ്ഥാനത്തെ ജൂവലറികളിൽ സ്വീകരിക്കുന്ന പഴയ സ്വർണം ഉരുക്കി ചെമ്പ് വേർതിരിച്ചെടുത്ത തങ്കക്കട്ടികളാണ് കടത്തുന്നതിൽ കൂടുതലും
ഇത്തരം തങ്കക്കട്ടികൾ കൂടുതൽ ലാഭത്തിനായുള്ള കടത്തിനിടയിലാണ് പിടികൂടിയത്. തങ്കം മംഗളൂരുവിലേക്കും അവിടെനിന്ന് മുംബൈയിലേക്കുമാണ് കടത്തുന്നത്.
കഴിഞ്ഞവർഷവും സമാനരീതിയിൽ സ്വർണക്കടത്ത് കണ്ടെത്തിയതിനാൽ കള്ളക്കടത്തുകാരെ പിടികൂടാൻ പരിശോധന കർശനമാക്കുമെന്ന് അസി. കമ്മിഷണർ ഇ.വികാസ് പറഞ്ഞു.

