കടയ്ക്കാവൂര്‍ പോക്‌സോ കേസ്: അമ്മയ്ക്ക് ജാമ്യം

തിരുവനന്തപുരം: കടയ്ക്കാവൂർ പോക്സോ കേസിൽ കുട്ടിയുടെ അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം നൽകി. വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘം രൂപവത്കരിക്കാൻ ഹൈക്കോടതി നിർദേശം നൽകി.
നിലവിൽ നടക്കുന്ന അന്വേഷണം പുരോഗമിച്ച സാഹചര്യത്തിൽ ഇനി കുട്ടിയുടെ അമ്മയെ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട സാഹചര്യം ഇല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ പുരോഗതി അറിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിന്റെ ഇനിയുള്ള അന്വേഷണം ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ആയിരിക്കണമെന്നും കോടതി നിർദേശിച്ചു. കൂടാതെ, കുട്ടിയുടെ ആരോഗ്യനിലയും മാനസിക നിലയും വിദഗ്ധസമിതിയെക്കൊണ്ട് പരിശോധിപ്പിക്കണം. വനിതാ ഡോക്ടർ അടക്കമുള്ള മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘത്തെ ഇതിന് നിയോഗിക്കണം. കുട്ടിയെ ആവശ്യമെങ്കിൽ പിതാവിന്റെ അടുത്തുനിന്ന് മാറ്റി താമസിപ്പിക്കാമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് തീരുമാനം എടുക്കാം. ഇക്കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ടാണ് അമ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്.
നേരത്തെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി അമ്മയ്ക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. പ്രതിചേർക്കപ്പെട്ട അമ്മയ്ക്ക് ജാമ്യം അനുവദിക്കുന്നതിനെ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സർക്കാർ കോടതിയിൽ എതിർത്തിരുന്നു. കുട്ടിയുടെ മൊഴി ഗൗരവമായി പരിഗണിക്കേണ്ടതാണ്. ഇതൊരു കുടുംബ പ്രശ്നം മാത്രമല്ല, അതിനും അപ്പുമറമുള്ള ചില തലങ്ങൾ ഈ കേസിനുണ്ട്.
കുട്ടിയുടെ അമ്മ കുട്ടിക്ക് ചില മരുന്നുകൾ നൽകിയിരുന്നെന്നും അത് ഇവരിൽനിന്ന് കണ്ടെടുത്തിരുന്നെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തുടർന്ന് കേസ് വിധിപറയാൻ മാറ്റിയിരിക്കുകയായിരുന്നു.

