യുക്രൈനിലെ വിമത പ്രദേശങ്ങളില്‍ റഷ്യന്‍ സൈന്യം, യുദ്ധഭീതിയില്‍ ലോകം

റഷ്യയുടെ തീരുമാനം തീക്കളിയാണെന്ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പ്രതികരിച്ചു. റഷ്യക്ക് എതിരെ കടുത്ത ഉപരോധ നടപടികള്‍ക്ക് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തുടക്കമിട്ടു. യുദ്ധഭീതി മുറുകുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള കൂറ്റന്‍ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയായ നോര്‍ഡ് സ്ട്രീം ടൂ നിര്‍ത്തിവെക്കാന്‍ ജര്‍മനി തീരുമാനിച്ചു.
രാജ്യത്തോടായി നടത്തിയ ടെലിവിഷന്‍ അഭിസംബോധനയില്‍ ആണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് സൈനിക നീക്കം പ്രഖ്യാപിച്ചത്. റഷ്യന്‍ അനുകൂലികള്‍ക്ക് ഭൂരിപക്ഷമുള്ള പ്രവിശ്യകളിലേക്ക് സൈന്യത്തെ അയയ്ക്കുന്നത് അവിടങ്ങളില്‍ സമാധാനം ഉറപ്പിക്കാനാണ് എന്ന് പുടിന് അവകാശപ്പെട്ടു. റഷ്യന്‍ പിന്തുണയുള്ള വിമതരുടെ ആക്രമണത്തില്‍ കഴിഞ 24 മണിക്കൂറിനിടെ രണ്ടു സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി യുക്രൈന് അറിയിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ലോകത്തെ പ്രധാന വിമാനക്കമ്ബനികള്‍ പലതും യുക്രൈനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിയിരിക്കുകയാണ്.
എന്താണ് യുക്രൈനിലെ വിമത പ്രവിശ്യകള്‍?
2014 മുതല്‍ യുക്രൈനുമായി ഭിന്നിച്ചു നില്ക്കുന്ന രണ്ടു പ്രവിശ്യകളാണ് ഇവ – ഡോന്‍സ്ക്, ലുഹാന്‍സ്ക്. രണ്ടിടത്തും കൂടി ജനസംഖ്യ 40 ലക്ഷം. ഇതില്‍ എട്ടു ലക്ഷം പേര്‍ക്ക് റഷ്യ പാസ്പോര്‍ട്ടും അനുവദിച്ചിട്ടുണ്ട്. തങ്ങള്‍ സ്വതന്ത്രരെന്ന് അവകാശപ്പെടുന്നു ഈ നാട്ടുകാര്‍. റഷ്യ രഹസ്യമായി ഇവര്‍ക്ക് ആയുധവും പണവും നല്കുന്നു. രണ്ടും യുക്രൈന്റെ ഭാഗമെന്ന വാദിക്കുന്നു യുക്രൈന് ഭരണകൂടം. ഇവിടങ്ങളില്‍ സമാധാനം ഉണ്ടാക്കാനായി റഷ്യയും വിമതരും യൂറോപ്യന്‍ യൂണിയനും തമ്മില്‍ കരാര്‍ ഉണ്ടാക്കിയെങ്കിലും ഇതുവരെ നടപ്പായില്ല. എട്ടു വര്‍ഷത്തിനിടെ
പതിനായിരം പേരെങ്കിലും ഇവിടെ കൊല്ലപ്പെട്ടു.
വിമത പ്രവിശ്യകളില്‍ സംഭവിക്കുന്നത് എന്ത്?
കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഡൊണസ്കിലും ലുഹാന്‍സ്കിലുമായി വീണു പൊട്ടിയത് ആയിരക്കണക്കിന് ഷെല്ലുകളാണ്. യുക്രൈനും വിമതരും
പരസ്പരം ആക്രമിക്കുന്നു. നിരവധി പേര് ആക്രമണം ഭയന്ന് നാട് വിട്ടു. വലിയൊരു വിഭാഗം റഷ്യന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് യുക്രൈനെ നേരിടാന്‍ തയാറായി നില്ക്കുന്നു. ആക്രമണത്തില്‍ രണ്ട് യുക്രൈന് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ലോകരാജ്യങ്ങളുടെ പ്രതികരണം എന്ത്?
ഡോന്‍സ്ക്, ലുഹാന്‍സ്ക് വിമത പ്രവിശ്യകളുടെ സ്വാതന്ത്ര്യം അംഗീകരിക്കുന്നു എന്നാണ് വ്ലാദിമിര്‍ പുട്ടിന്റെ ഇന്നലത്തെ പ്രഖ്യാപനം. ഈ
രണ്ട് പ്രവിശ്യകളെയും ഇനി യുക്രൈന്റെ ഭാഗമായി റഷ്യ കണക്കാക്കുന്നില്ല എന്നര്‍ത്ഥം. ഇവിടങ്ങളിലേക്ക് സൈന്യത്തെ അയയ്ക്കുന്നത് സമാധാനം ഉറപ്പിക്കാനാണ് എന്നും പുടിന് പറഞ്ഞു. കടുത്ത ഭാഷയിലാണ് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും പ്രതികരിച്ചത്. റഷ്യയുടേത് പ്രതീക്ഷിക്കപ്പെട്ട നാണംകെട്ട നടപടി എന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. റഷ്യ എന്ത് പറഞ്ഞാലും യുക്രൈന്റെ ഭൂമിശാസ്ത്രപരമായ അതിരുകള്‍ മാറില്ലെന്ന് യുക്രൈന് പ്രസിഡന്റ് വ്ലാദിമിര്‍ സെലിന്‍സ്കി പറയുന്നു. ആശങ്കയുണ്ടാക്കുന്ന പ്രഖ്യാപനം എന്നായിരുന്നു ഐക്യരാഷ്ട്ര സഭ മേധാവി അന്റോണിയോ ഗുട്ടട്രസിന്്റെ പ്രതികരണം.
ഇന്ത്യയുടെ നിലപാട് എന്ത്?
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ എത്തിയപ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുറ്റിനുമായി 25 പ്രതിരോധ കരാറുകളാണ് ഇന്ത്യ ഒപ്പിട്ടത്. ശതകോടികളുടെ പ്രതിരോധ ഇടപാടുകളാണ് റഷ്യയുമായി ഇന്ത്യക്ക് ഉള്ളത്. അമേരിക്ക പോലെ തന്നെ റഷ്യയും ഇന്ത്യയുടെ സുപ്രധാന പ്രതിരോധ പങ്കാളിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പ്രതികരണം കരുതലോടെയാണ്. പാശ്ചാത്യ രാജ്യങ്ങളെപ്പോലെ റഷ്യയെ അപലപിക്കാന്‍ ഇന്ത്യ തയാറായില്ലെന്നത് ശ്രദ്ധേയം.
സംഘര്‍ഷം ലഘൂകരിക്കുകയാണ് ആദ്യം വേണ്ടത്. മേഖലയില്‍ സ്ഥിരതയുള്ള സമാധാനവും ശാന്തിയും ഉണ്ടാകണം. സംഘര്‍ഷങ്ങളെ ഇന്ത്യ ആശങ്കയോടെ കാണുന്നു. ചര്‍ച്ചകള്‍ മാത്രമാണ് പരിഹാരം – യുഎന്‍ രക്ഷാസമിതിയില്‍ ഇന്ന് ഇന്ത്യ പറഞ്ഞത് ഇങ്ങനെ.
സംഘര്‍ഷം നീണ്ടാല്‍ പ്രത്യാഘാതം എന്ത്?
വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലായി ഉള്ളത് 60 ലക്ഷം ഇന്ത്യക്കാര്‍. യുക്രൈനില്‍ വിദ്യാര്‍ഥികള്‍ അടക്കം കാല് ലക്ഷം പേര്. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യന്‍ യൂണിയന്. ഒരു വര്‍ഷം ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരം 800 കോടി ഡോളറിന്റേതാണ്. സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുകയും റഷ്യക്ക് മേല്‍ കനത്ത ആഗോള ഉപരോധം ഉണ്ടാവുകയും ചെയ്താല്‍ സാമ്ബത്തികമായി അത് ഇന്ത്യക്കും തിരിച്ചടിയാകും. പ്രതിരോധ ഇടപാടുകള്‍ മുടങ്ങുമെന്ന ആശങ്ക വേറെ. യൂറോപ്പ് യുദ്ധ മേഖല ആയാല്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയും തൊഴിലും പ്രശ്നമാകും. കോവിഡില്‍ തകര്‍ന്നു തരിപ്പണമായ ആഗോള സമ്ബദ് വ്യവസ്ഥയ്ക്ക് മേല്‍ ഒരു യുദ്ധം കൂടി വന്നാല്‍ ഭീകരമായിരിക്കും പ്രത്യാഘാതം. ബാരലിന് നൂറു ഡോളറിനോട് അടുത്ത എണ്ണ വില ഇനിയും ഉയരും. യുദ്ധവാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ ലോകമെങ്ങും ഓഹരി വിപണി ഇടിഞ്ഞത് ഇതിനു സൂചനയാണ്.
ഇനിയെന്ത് സംഭവിക്കും?
ദുര്‍ബലമെങ്കിലും സമാധാന ശ്രമങ്ങള്‍ ഇപ്പോഴും സജീവം. യുദ്ധം വേണ്ടെന്ന് ആഗ്രഹിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ പലതുണ്ട്. ജര്‍മനിയെപ്പോലെ പല രാജ്യങ്ങളും സമാധാനം ആഗ്രഹിക്കുന്നു. ഇപ്പോള്‍ രണ്ട് വിമത പ്രവിശ്യകളില്‍ മാത്രം നിലനില്‍ക്കുന്ന സംഘര്‍ഷം അവിടെത്തന്നെ ഒതുങ്ങുമെന്ന് ഇപ്പോഴും പല രാജ്യനങ്ങളും കരുതുന്നു. അതല്ല, റഷ്യ യൂറോപ്പ് യുദ്ധമായി അത് പടര്‍ന്നാല്‍ ആഘാതം അതിരൂക്ഷമാകും എന്നത് ഉറപ്പാണ്.

