KSDLIVENEWS

Real news for everyone

നോമ്പ് ഓർമ്മകൾ…..

ഖത്തീബ് ഉസ്താദിൻറെ ഓർമകളിലൂടെ..

ഖത്തീബ്ച്ച ഇല്ലാത്ത മറ്റൊരു റമസാൻ

✒️റാഫി പള്ളിപ്പുറം

SHARE THIS ON


.
2016 ഫെബ്രുവരി 9ന് മേൽപറമ്പ് ഖത്തീബ് ആയിരുന്ന ബഹുമാനപ്പെട്ട എം എ അബ്ദുൽ ഖാദർ മുസ്ലിയാർ നമ്മെ വിട്ട് പിരിഞ്ഞു. മേൽപറമ്പ് പ്രദേശത്തെ എന്നും പ്രകാശ പൂരിതമാക്കിയിരുന്ന ആ വിളക്ക് അണഞ്ഞിട്ട് ആറ് വർഷം പിന്നിടുന്നു. സമാധാനത്തിൻറെ, സൗഹാർദ്ദത്തിൻറെ, സ്നേഹത്തിൻറെ, കാരുണ്യത്തിൻറെ മഹിതയാർന്ന മാതൃക നമുക്ക് മുമ്പിൽ ജീവിച്ച് കാണിച്ച് നമ്മിൽ നിന്നും അകന്നു പോയ പണ്ഡിത ശ്രേഷ്ടൻ. അറുപതു വർഷത്തോളം മേൽപറമ്പ് ജുമാ മസ്ജിദിൽ ഖത്തീബായും മുപ്പതു വർഷത്തിലധികം വലിയ ഒരു പ്രദേശത്തെ മഹല്ല് കമ്മിറ്റിയുടെ അധ്യക്ഷനായും അസ്വാരസ്യങ്ങളോ, അഭിപ്രായ വ്യതാസങ്ങളോ ഇല്ലാതെ സമുദായത്തെ ഐക്യത്തോടെ അതിലുപരി പ്രദേശത്ത് സമാധാനത്തോടെ മത സൗഹാർദത്തോടെ നയിച്ച ബഹുമാനപ്പെട്ട നമ്മുടെ ഖത്തീബ് ഉസ്താദ്. ഒരു നാടും സമൂഹവും ഇന്നും ഓർത്ത് വെക്കുന്ന ജീവിതവും, മാതൃകയുമാണ് ഖത്തീബ് ഉസ്താദിൻറേത്.

പരിശുദ്ധ റമസാൻ മാസത്തിലെ അവസാനത്തെ പത്തിലേക്ക് നാം പ്രവേശിച്ചിരുക്കുന്നു. ഏറ്റവും വിശേഷപ്പെട്ട ദിനങ്ങളിലൂടെയാണ് നാം കടന്ന് പോകുന്നത്. നരകമോചനത്തിനായി മാറ്റിവയ്ക്കപ്പെട്ട ദിവസങ്ങളാണിത്. വിശ്വാസികൾ ആരാധനകൾ കൊണ്ടും, പ്രാർത്ഥനകൾ കൊണ്ടും അനുഗ്രഹീത രാവുകളെ സമ്പന്നമാക്കുന്നു. ആയിരം മാസങ്ങളേക്കാള്‍ പുണ്യകരമായ ‘ലൈലത്തുൽ ഖദറിനെ’ പ്രതീക്ഷിക്കുന്ന ദിനങ്ങളാണ് ഇനിയുള്ള നാളുകൾ.

ബാല്യ കാലത്ത് നോമ്പ് നാളിൽ മേൽപറമ്പ് പള്ളിയിലേക്ക് വന്നാൽ അവിടെ ഖത്തീബ് ഉസ്താദിൻറെ ആ മഹനീയ സാന്നിധ്യം തന്നെയാണ് കുട്ടിക്കാല നോമ്പ് ഓർമകളിലേക്ക് ആദ്യം ഓടിയെത്തുന്നത്. നോമ്പിൻറെ വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരത്തിന് ശേഷം അസർ വരെയും ചിലപ്പോൾ തുടങ്ങി വെച്ച വിഷയം തീർന്നില്ലെങ്കിൽ അസറിന് ശേഷവും നടത്തിയിരുന്ന അദ്ദേഹത്തിൻറെ സുദീർഘമായ പ്രഭാഷണം വളരെ വിജ്ഞാന പ്രദമായിരുന്നു എന്ന് മാത്രമല്ല അത് കേൾക്കുവാനായി ജുമുഅക്ക് വന്നവരിൽ കുട്ടികളടക്കം ഭൂരിഭാഗം പേരും പ്രഭാഷണം അവസാനിക്കുന്നത് വരെ ഇരിക്കാറുണ്ടായിരുന്നു.

വെള്ളിയാഴ്ച അല്ലാത്ത ദിവസങ്ങളിൽ ളുഹർ, അസർ നമസ്കാരത്തിന് ശേഷം പള്ളിയിൽ ചെറിയ പ്രസംഗങ്ങൾ (ഉറുദി) നടത്തിയിരുന്ന മുതഅല്ലീങ്ങളുടെ പ്രസംഗങ്ങൾ ഖത്തീബ് ഉസ്താദ് സശ്രദ്ധം ശ്രവിക്കാറുണ്ട്. കൂടുതലും പ്രസംഗിക്കാൻ വരാറുണ്ടായിരുന്നത് പഠിച്ച് തുടങ്ങിയ ചെറിയ കുട്ടികളായിരുന്നു. പക്ഷെ, അവരുടെ വലിപ്പം ചെറുപ്പം നോക്കാതെ അദ്ദേഹം അവിടെയിരുന്ന് പ്രസംഗങ്ങൾ ശ്രദ്ധാ പൂർവ്വം കേൾക്കാറുണ്ട്. പ്രാസംഗികന് ധനം സമാഹരിക്കാൻ വേണ്ടി വിരിച്ച മുസല്ലയിൽ ഖത്തീബ് ഉസ്താദ് തൻറെ പച്ച അരപട്ടയിൽ നിന്നും ഒരു തുക എല്ലാ പ്രാസംഗികന്മാർക്കും സ്ഥിരമായി നൽകി അവരെ പ്രോത്സാഹിപ്പിച്ചു. അന്യ നാട്ടിൽ നിന്നും പള്ളിയിൽ എത്തിച്ചേർന്നിരുന്ന ഫകീറുകൾക്ക് ഇഫ്താറും, അത്താഴവും ശരിക്ക് കിട്ടാറുണ്ടോ എന്ന് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിന് വേണ്ട ഏർപ്പാടുകൾ ഉസ്താത് ചെയ്തിരുന്നു. മുൻ കാലങ്ങളിൽ റമസാൻ മാസത്തെ രാത്രികളിൽ തറാവീഹിന് ശേഷം വയള് പരമ്പര തന്നെ ഖത്തീബ് ഉസ്താദ് മേൽപറമ്പിലും, ദേളിയിലും ഒക്കെ നടത്താറുണ്ടായിരുന്നു.

റമസാനിലെ അവസാനത്തെ വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബയിൽ ഖത്തീബ് ഉസ്താദ് “അസ്സലാമു അലൈക്കും യാ ശഹറു റമളാൻ…….” എന്ന് പുണ്യ മാസത്തോട് വിട പറഞ്ഞു കൊണ്ടു വളരെ വിഷമത്തോടെ പറയുമ്പോൾ അദ്ദേഹത്തിൻറെ ഇടറിയ ശബ്ദബും കരയുന്ന മുഖവും നമുക്ക് കാണാമായിരുന്നു. ആ ഖുതുബയിൽ ഉസ്താദിൻറെ സ്വരം കേൾക്കുമ്പോൾ മുതിർന്നവർ മാത്രമല്ല ഞങ്ങൾ കുട്ടികൾ വരെ തേങ്ങിപ്പോവാറുണ്ട്. മേൽപറമ്പ് പള്ളിയിലെ ആ പഴയ മിമ്പറും, ഉസ്താദിൻറെ ഖുതുബയും ഈ റമസാൻ മാസത്തെ അവസാന പാദത്തിൽ മനസ്സിൽ നൊമ്പരമായി ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളായി കടന്നു വരുന്നു.

മുൻ കാലങ്ങളിൽ അത്താഴ സമയം അറിയിച്ചു കൊണ്ട് “അത്താഴ കൊട്ട്” എന്ന പരിപാടി നില നിന്നിരുന്നു. പിന്നീട് അത്താഴക്കൊട്ട് അന്യം നിന്നപ്പോൾ തൊണ്ണൂറുകളുടെ തുടക്കത്തിൽ മേൽപറമ്പ് പള്ളിയിലെ ലൗഡ് സ്പീക്കറിലൂടെ കുറച്ചു ദിവസം അത്താഴത്തിൻറെ സമയത്ത് കുറച്ചു നേരം ഉച്ചത്തിൽ ഖുർആൻ പാരായണം കേൾക്കാൻ തുടങ്ങി. പിന്നെയത് പെട്ടെന്ന് നിർത്തി. എന്ത് കൊണ്ടാണ് അത് നിർത്തിയതെന്ന് അധികം ആർക്കും അറിയില്ലായിരുന്നു. പിറ്റേ വർഷം മസ്ജിദ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സോളാർ ഷോപ്പിൽ നിന്നും അത്താഴ സമയത്ത് ഖുർആനും, പ്രസംഗവും അടങ്ങിയ കാസ്സറ്റ് ലൗഡ് സ്പീക്കറിലൂടെ കേൾപ്പിച്ചു തുടങ്ങി. അധിക നാൾ നീണ്ടില്ല അതും പെട്ടെന്ന് നിന്നു. അത് പ്രവർത്തിപ്പിച്ചിരുന്നവരെ ഖത്തീബ് ഉസ്താദ് വിലക്കുകയായിരുന്നു. വിലക്കാനുണ്ടായ കാരണം, ”നമ്മുടെ നാട്ടിൽ പുറത്തു നിന്നും വന്ന കുറേ അദ്ധ്യാപകരും, മറ്റു ജോലിക്കാർ എല്ലാം ഈ പരിസരത്ത് താമസിക്കുന്നുണ്ട്. ഇങ്ങനെ അർദ്ധ രാത്രി മൈക്കിലൂടെ ശബ്ദമുണ്ടാക്കിയാൽ അവർക്കെല്ലാം ഉറങ്ങാൻ ബുദ്ധിമുട്ടാവും. നമ്മൾ ആരെയും ബുദ്ധിമുട്ടിക്കേണ്ട. അത്താഴത്തിന് ഉണരേണ്ടവർ അലറാം വെച്ച് ഉണർന്നോളും.” ഇതായിരുന്നു അത് പ്രവർത്തിപ്പിച്ചിരുന്നവരോട് ഖത്തീബ് ഉസ്താദ് നൽകിയ ഉപദേശം.

തങ്ങളുടെ ആരാധന അനുഷ്ഠാനങ്ങൾ ഇതര സമുദായ വിശ്വാസികൾക്ക് ബുദ്ധിമുട്ടാവരുത് എന്നു ആഗ്രഹിച്ചിരുന്ന തേജസായിരുന്നു ഖത്തീബ് ഉസ്താദ് അവർകൾ. വിശാലമായ തൻറെ കാഴ്ചപ്പാടുകളും രീതികളും ഒക്കെ തന്നെയാണ് സർവ്വരാലും ബഹുമാനിച്ചിരുന്നു വ്യക്തിത്വമായി അദ്ദേഹം മാറിയത്. പുണ്യ റമസാൻ മാസം വിട പറയാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. അവസാനത്തെ വെള്ളിയാഴ്ച പള്ളിയിലെ മിമ്പറിൽ നിന്നും പുണ്യ മാസത്തെ വിട പറഞ്ഞു തേങ്ങി കൊണ്ടുള്ള ഖത്തീബിച്ചാന്റെ ആ ഖുതുബ നമുക്ക് ശ്രവിക്കാൻ സാധിക്കില്ല. ഈ പുണ്യ ദിനങ്ങളുടെ അനുഗ്രഹം കൊണ്ടു അദ്ദേഹത്തെയും നമ്മെയുമെല്ലാം സ്വർഗത്തിൽ ഒരുമിച്ചു കൂട്ടേണമേ…… ആമീൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!