KSDLIVENEWS

Real news for everyone

അൻവറിന് ആശ്വാസം; കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒപ്പം കൂട്ടാൻ ഹൈക്കമാൻഡ് അനുമതി; അൻവര്‍ യുഡിഎഫിലേക്ക്

SHARE THIS ON

തിരുവനന്തപുരം: പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനമോഹത്തിന് കോണ്‍ഗ്രസ് ഹൈക്കമാൻഡിൻ്റെ പച്ചക്കൊടി. കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിന് തടസ്സമില്ലെന്നാണ് ഹൈക്കമാൻ്റ് കേരള നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

ബംഗാളില്‍ തൃണമൂലിനെതിരെ അരയും തലയും മുറുക്കി കോണ്‍ഗ്രസ് രംഗത്തുള്ളപ്പോഴാണ് കേരളവുമായി ബന്ധപ്പെട്ട് മറിച്ചൊരു തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാൻഡ് എടുത്തിരിക്കുന്നത്. പ്രാദേശിക സഖ്യങ്ങള്‍ക്ക് ദേശീയ നിലപാട് ബാധകമല്ല എന്നാണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നിലപാട്. മതേതര പാർട്ടികളെ ചേർത്ത് നിർത്തുന്നതില്‍ തെറ്റില്ലെന്നും ഹൈക്കമാൻഡ് വിലയിരുത്തി.

നിലമ്ബൂർ ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിലാണ് മുന്നണി പ്രവേശനം വേഗത്തിലാക്കുന്നത്. ഏപ്രില്‍ 24ന് കോണ്‍ഗ്രസ് നേതാക്കള്‍ പി.വി അൻവറുമായി ചർച്ച നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിലാകും ചർച്ച. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ നടക്കുന്ന ചർച്ചയില്‍ മുന്നണി പ്രവേശനത്തിലെ നിർണായക തീരുമാനം ഉണ്ടാകും.

അതേസമയം, നിലമ്ബൂരില്‍ എല്‍ഡിഎഫിന്റെ സ്ഥാനാർത്ഥിയായി ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി ഷബീർ വന്നേക്കുമെന്നാണ് സൂചന. നിലമ്ബൂർ മണ്ഡലത്തില്‍ നിന്നുള്ള യുവ നേതാവായതും, ചെറുപ്പക്കാരനായതും ഷബീറിന് അനുകൂല ഘടകങ്ങളാണ്. വി എസ് ജോയ് ആണ് യുഡിഎഫ് സ്ഥാനാർഥി എങ്കില്‍ ഷബീറിനെ എല്‍ഡിഎഫ് ഉറപ്പായും മത്സരിപ്പിച്ചേക്കും. സംസ്ഥാന നേതൃത്വത്തിന്റെ കൂടി അനുമതിയോട് കൂടി മാത്രമേ തീരുമാനം അന്തിമമാകുകയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!