KSDLIVENEWS

Real news for everyone

ആഘോഷങ്ങളിലും, ഉത്സവങ്ങളിലും പടക്കങ്ങൾ നിരോധിക്കണം; മുണ്ടത്തിക്കോട് ദുരന്തത്തിന് പിന്നാലെ കടുത്ത നിലപാടുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

SHARE THIS ON

തിരുവനന്തപുരം: ആഘോഷങ്ങളിലും ഉത്സവങ്ങളിലും പടക്കങ്ങളുടെ ഉപയോഗം പൂർണ്ണമായും നിരോധിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA). മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ട ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഐ.എം.എ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സുരക്ഷിതമായ ആഘോഷ രീതികളിലേക്ക് നാട് മാറണമെന്നും പടക്ക നിർമ്മാണ കേന്ദ്രങ്ങൾക്ക് ദേശീയ നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്നും മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു.

തൃശ്ശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കിയേക്കും:

മുണ്ടത്തിക്കോട് ദുരന്തത്തിന്റെ ആഘാതത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താനാണ് സംഘാടകരുടെ ആലോചന. പ്രധാന ആകർഷണമായ വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കുന്ന കാര്യത്തിൽ നാളെ അന്തിമ തീരുമാനമുണ്ടാകും.

ഇത്തവണ ആഘോഷപൂർവ്വമായ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ വ്യക്തമാക്കി. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ ചേർത്തുപിടിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

വെടിക്കെട്ട് അപകടത്തിൽ അട്ടിമറി സാധ്യതയില്ലെന്നും ഏത് തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ദേവസ്വം അറിയിച്ചു. തിരുവമ്പാടി ആഘോഷ കമ്മിറ്റിയിലെ അഞ്ച് ഭാരവാഹികളും അപകടത്തിൽപ്പെട്ടിട്ടുണ്ട്.

“ആഘോഷങ്ങൾ മനുഷ്യജീവനേക്കാൾ വലുതാകരുത്. വെടിക്കെട്ട് പുരകളിലെ സുരക്ഷാ പാളിച്ചകൾ ആവർത്തിക്കാതിരിക്കാൻ ശാസ്ത്രീയമായ പരിശോധനകളും കർശന നിയന്ത്രണങ്ങളും അത്യാവശ്യമാണെന്ന്.”ഐ.എം.എ പ്രതിനിധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!