KSDLIVENEWS

Real news for everyone

പദവി പുഷ്പകിരീടമല്ലെന്ന ബോധ്യമുണ്ട്; ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവർത്തിക്കും- വി.ഡി. സതീശന്‍

SHARE THIS ON

കൊച്ചി: കേരളത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന ചുമതല ഉത്തരവാദിത്വത്തോടുകൂടി ഏറ്റെടുക്കുന്നുവെന്ന് വി.ഡി. സതീശൻ. വലിയ വെല്ലുവിളികൾ മുന്നിലുണ്ടെന്ന ബോധ്യമുണ്ട്. കേരളത്തിലെ യു.ഡി.എഫ്. പ്രവർത്തകരും ജനങ്ങളും ആഗ്രഹിക്കുന്ന രീതിയിൽ യു.ഡി.എഫിനെ, കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരും. കേരളം ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രതിപക്ഷമാവാൻ പ്രവർത്തിക്കുമെന്നും വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വി.ഡി. സതീശന്റെ വാർത്താസമ്മേളനത്തിൽനിന്ന്:

യു.ഡി.എഫിന്റേയും കോൺഗ്രസിന്റേയും പ്രതിസന്ധി നിറഞ്ഞ കാലത്ത് പ്രതിപക്ഷനേതാവ് എന്ന ചുമതല തന്നെ ഏൽപ്പിച്ച ദേശീയ നേതൃത്വത്തോടും കേരളത്തിലെ മുതിർന്ന നേതാക്കളോടും നന്ദി പറയുന്നു. കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മഹാരഥന്മാർ ഇരുന്ന കസേരയിൽ തന്നെ നിയമിക്കാനുള്ള തീരുമാനം വിസ്മയിപ്പിക്കുകയാണ്. എല്ലാ വെല്ലുവിളികളും മുന്നിലുണ്ട് എന്ന ബോധ്യത്തോടെ, കേരളത്തിലെ കോൺഗ്രസിനെ ഐതിഹാസികമായ തിരിച്ചുവരവിലേക്ക് നയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെ ഈ പദവി ഏറ്റെടുക്കുന്നു. ഇതൊരു പുഷ്പകിരീടമല്ല എന്ന കൃത്യമായ ബോധ്യമുണ്ട്. ഈ സ്ഥാനത്തിന്റെ മഹത്വം നിലനിർത്തിക്കൊണ്ട് കേരളത്തിലെ യു.ഡി.എഫ്. പ്രവർത്തകരും ജനങ്ങളും ആഗ്രഹിക്കുന്ന രീതിയിൽ യു.ഡി.എഫിനെ, കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്ന് ആത്മാർഥമായി വിശ്വസിക്കുന്നു. അതിനുവേണ്ടിയുള്ള കഠിനാധ്വാനം നിറഞ്ഞ നാളുകളാവും ഇനി വരുന്നത്.
എല്ലാ തലങ്ങളിലുമുള്ള നേതാക്കളേയും കൂട്ടയോജിപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോവാൻ കഴിയുമെന്ന് ഉറപ്പുണ്ട്. അതിന് എല്ലാ തലങ്ങളിലുമുള്ള നേതാക്കളുടേയും പ്രവർത്തകരുടേയും പിന്തുണ അഭ്യർഥിക്കുന്നു. 1967-ൽ ഉണ്ടായ പരാജയത്തിനു ശേഷം അതിന് സമാനമായ ഇപ്പോഴത്തെ പരാജയത്തിൽനിന്ന് തിരിച്ചുകയറാനുള്ള ശ്രമമാവും ഇനിയുള്ള ദിവസങ്ങളിൽ നടത്തുക.
പ്രതിപക്ഷം എന്ന നിലയിൽ പരമ്പരാഗതമായ ചില കാര്യങ്ങളിൽ മാറ്റങ്ങളുണ്ടാവണം. അത് സഹപ്രവർത്തകരുമായി ആലോചിച്ച് തീരുമാനിക്കും. കാലം ആഗ്രഹിക്കുന്ന തരത്തിൽ സമീപനങ്ങളളിലും പ്രവർത്തനരീതികളിലും മാറ്റമുണ്ടാവണം. അത് ഉണ്ടാക്കുമെന്ന് കേരളത്തിന് ഉറപ്പ് നൽകുന്നു. മഹാമാരിയുടെ കാലത്ത് ഞങ്ങൾ സർക്കാരിനൊപ്പം ഉണ്ടാവും. കോവിഡ് പ്രോട്ടോക്കോൾ പൂർണമായി കേരളത്തിൽ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ യു.ഡി.എഫ്. ശ്രമിക്കും. ഈ മഹാമാരിയെ നേരിടാൻ സർക്കാരുമായി നിരുപാധികം സഹകരിക്കും.
വെല്ലുവിളി നിറഞ്ഞ കാലത്ത് രാഷ്ട്രീയ സംഘർഷങ്ങൾക്കപ്പുറം പൊതുജനങ്ങളെ എങ്ങനെ സഹായിക്കാനാവുമെന്ന് സർക്കാരിനൊപ്പം നിന്ന് ആലോചിക്കും. രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന വിശ്വാസം ഉണ്ടാക്കാനുള്ള നടപടികളാവും യു.ഡി.എഫിന്റെ ഭാഗത്തുനിന്ന് ആദ്യം ഉണ്ടാവുക. സർക്കാരിന്റെ എല്ലാ നല്ല നടപടികളേയും ആത്മാർഥമായി പിന്തുണയ്ക്കും. തെറ്റായ കാര്യങ്ങൾ ചെയ്യുമ്പോൾ അത് ചൂണ്ടിക്കാട്ടും. അത് പ്രതിപക്ഷ ധർമമാണെന്ന് തിരിച്ചറിയുന്നു. പ്രതിപക്ഷം എങ്ങനെ പ്രവർത്തിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിലാവും വരും ദിവസങ്ങളിലെ പ്രവർത്തനങ്ങൾ- വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!