ആ അല്‍പ്പന്‍ ഇതിനപ്പുറവും ചെയ്യും; കെ.ടി ജലീലിനെതിരെ ഫാത്തിമ തഹിലിയ

മാധ്യമം’ ദിനപത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യു.എ.ഇ ഭരണാധികാരിക്ക് കത്തെഴുതിയ മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ എം.എസ്.എഫ് മുന്‍ ഭാരവാഹി ഫാത്തിമ തഹിലിയ രംഗത്ത്. ‘ആ അല്‍പ്പന്‍ ഇതല്ല, ഇതിനപ്പുറവും ചെയ്യും’ എന്നാണ് ഒറ്റവരിയില്‍ തഹിലിയ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ഇതിന് താഴെ നൂറുകണക്കിന് പേരാണ് കെ.ടി ജലീലിന്റെ പേര് പരാമര്‍ശിച്ച് കമന്റുകളിട്ടിരിക്കുന്നത്. തൊട്ടുപിന്നാലെ വിശദീകരണം ഉള്‍പ്പെടെ പുതിയ കുറിപ്പുമായി തഹിലിയയും രംഗത്തെത്തി.
‘ഇന്നലത്തെ പോസ്റ്റില്‍ കെ.ടി ജലീല്‍ എന്ന ഒരു വാക്ക് പോയിട്ട് കെ.ടി. എന്ന് പോലും ഞാന്‍ ഉപയോഗിച്ചിട്ടില്ല. അപ്പോഴേക്ക് അത് കെ.ടി. ജലീലാണെന്ന് പറഞ്ഞ് സഖാക്കള്‍ കുരു പൊട്ടിച്ചു.
അല്‍പ്പനെന്ന് കേള്‍ക്കുമ്ബോഴേക്കും കെ.ടി.ജലീല്‍ എന്ന് ഓര്‍ക്കുന്നത് അത്ര നല്ലതൊന്നുമല്ല കേട്ടോ!’ എന്നാണ് ഹാസ്യ രൂപത്തിലുള്ള പോസ്റ്റ്. കോവിഡ് മരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വാര്‍ത്തകളും പ്രസിദ്ധീകരിച്ചതിന് ‘മാധ്യമം’ പത്രത്തിനെതിരെ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് അന്ന് മന്ത്രിയായിരുന്ന കെ.ടി ജലീല്‍ യു.എ.ഇ ഭാരവാഹികള്‍ക്ക് എഴുതിയ കത്ത് പുറത്തുവന്നിരുന്നു.
അതേസമയം, കെ.ടി ജലീല്‍ എം.എല്‍.എക്കെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് വീണ്ടും രംഗത്തെത്തി. ‘മാധ്യമം’ എങ്ങനെയെങ്കിലും പൂട്ടിക്കണമെന്ന് പറഞ്ഞ് ജലീല്‍ നിരന്തരം വിളിക്കാറുണ്ടായിരുന്നു. മാധ്യമത്തിനെതിരെ യു.എ.ഇ അധികൃതര്‍ക്ക് നല്‍കിയ കത്തിന്റെ വിവരങ്ങള്‍ അറിയാന്‍ വേണ്ടി ജലീല്‍ നിരന്തരം വിളിച്ചിരുന്നു. തുടര്‍ന്ന് ജലീലിന്റെ കത്ത് കോണ്‍സുല്‍ ജനറലിന്റെ ഔദ്യോഗിക മെയിലില്‍നിന്ന് യു.എ.ഇ പ്രസിഡന്റിന് അയച്ചു. സ്വര്‍ണക്കടത്തുകേസ് വന്നതോടെ പിന്നീട് അതുമായി ബന്ധപ്പെട്ട് ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നുവെന്നും സ്വപ്‌ന പറഞ്ഞു.
മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെ.ടി ജലീലുമെല്ലാം പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിട്ടുണ്ട്. നിരവധി രഹസ്യ കൂടിക്കാഴ്ചകളാണ് കോണ്‍സുല്‍ ജനറലുമായി കെ.ടി ജലീല്‍ നടത്തിയത്. ഇതിന്റെയെല്ലാം തെളിവുകള്‍ ഞാന്‍ ശേഖരിക്കുന്നുണ്ട്. ഇ-മെയിലും ആശയവിനിമയങ്ങളും അടക്കം ഒരുപാട് തെളിവുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്‍.ഐ.എ എന്റെ എല്ലാ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്. അവര്‍ ഒരുപാട് തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ട്. എന്റെ കേസുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകളെല്ലാം എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയിട്ടുണ്ട്. സ്‌പേസ് പാര്‍ക്കില്‍ ജോലി തന്നത് മുഖ്യമന്ത്രിയും ശിവശങ്കറും ചേര്‍ന്നാണെന്നും സ്വപ്ന പറയുന്നു.
സ്വര്‍ണക്കടത്തുകേസില്‍ ജലീലിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. ജലീലിനെതിരായ തെളിവുകള്‍ നേരത്തെ തന്നെ ഇ.ഡിക്ക് നല്‍കിയതാണ്. മുഖ്യമന്ത്രി അടക്കം പലരും പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടുണ്ട്. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരും പ്രോട്ടോക്കോള്‍ ലംഘനം നടത്തുകയും മര്‍ക്കസിനു വേണ്ടി കോണ്‍സുല്‍ ജനറലിന്റെ ഓഫീസ് വഴി സ്യൂട്ട്‌കേസുകള്‍ കോഴിക്കോട്ടേക്ക് എത്തിച്ചിട്ടുണ്ടെന്നും സ്വപ്‌ന ആരോപിച്ചു.
ജലീലിനു സമാനമായി ശൈഖ് കാന്തപുരം അബൂബക്കറും പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള ഇ-മെയിലിന്റെ തെളിവുണ്ട്. മുഖ്യമന്ത്രി, കെ.ടി ജലീല്‍, ശിവശങ്കര്‍, കടകംപള്ളി സുരേന്ദ്രന്‍, കാന്തപുരം അബൂബക്കര്‍ എന്നിവര്‍ അടങ്ങിയ വി.വി.ഐ.പി സംഘം ശൈഖ് സായിദ് ഇന്റര്‍നാഷനല്‍ പീസ് കോണ്‍ഫറന്‍സിനു വേണ്ടി എത്തുമെന്ന് മര്‍ക്കസ് ഞങ്ങളെ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം അറിയാതെയാണ് ഇങ്ങനെയൊരു നിര്‍ദേശം ഞങ്ങള്‍ക്ക് ലഭിച്ചത്. അവിടത്തെ നമ്മുടെ കോണ്‍സുല്‍ ജനറലിന്റെ ഓഫീസ് ഉപയോഗിച്ച് സ്യൂട്ട്‌കേസ് തിരുവനന്തപുരത്തെത്തിച്ചു.
തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് കാന്തപുരത്തിനു വേണ്ടി എത്തിച്ചു. അതിനു വേണ്ട പൊലീസ് എസ്‌കോര്‍ട്ടിനു വേണ്ടി പൊലീസ് എ.ഡി.ജി.പിയോടും ശിവശങ്കറിനോടും മുഖ്യമന്ത്രിയുടെ ഓഫീസിനോടുമെല്ലാം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു. അതേസമയം, കെ. ടി ജലീല്‍ പ്രോട്ടോകോള്‍ ലംഘിച്ചുവെന്നും എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും പറഞ്ഞ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്തെത്തി. ഒരു നിമിഷം പോലും എംഎല്‍എയായി തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു.

