KSDLIVENEWS

Real news for everyone

ശരീരത്തിലൂടെ ട്രക്ക് കയറി ഗർഭിണിക്ക് ദാരുണാന്ത്യം; കുഞ്ഞ് ജീവനോടെ പുറത്ത്…

SHARE THIS ON

ആഗ്ര ∙ എട്ടു മാസം ഗർഭിണിയായ യുവതി വാഹനാപകടത്തിൽ മരിച്ചതിനു പിന്നാലെ പുറത്തുവന്ന പെൺകുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ. ‘കുഞ്ഞ് പാൽ കുടിക്കാൻ ആരംഭിച്ചു. മാസം തികയാതെയുള്ള പ്രസവമായതിനാൽ കുഞ്ഞിനു ഭാരം കുറവാണ്. അപകടത്തെ തുടർന്ന് പൊക്കിൾക്കൊടി ഞെരുങ്ങി, വയറ്റിനു താഴെ ചെറിയ പരുക്കുണ്ട്. ചികിത്സ തുടരുകയാണ്.’– ഫിറോബാദ് മെഡിക്കൽ കോളജിലെ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. എൽ.കെ.ഗുപ്ത പറഞ്ഞു.

അപകടത്തിന്റെ ‍ഞെട്ടിക്കുന്ന ചിത്രങ്ങൾ കണ്ടെന്നും കുട്ടി രക്ഷപ്പെട്ടത് അദ്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയാണ്, യുപിയിലെ ആഗ്ര ജില്ലയിലുള്ള ഫിറോസാബാദിൽ ഭർത്താവിനൊപ്പം ബൈക്കിൽ പോയ കാമിനി (26) വാഹനാപകടത്തിൽ മരിച്ചത്. കോട്‌ല ഫാരിഹയിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ദുരന്തം.

എതിർദിശയിൽനിന്നു വന്ന കാറിൽ ഇടിക്കാതിരിക്കാൻ ഭർത്താവ് രാമു ബൈക്ക് വെട്ടിച്ചപ്പോൾ, നിയന്ത്രണം നഷ്ടപ്പെട്ടായിരുന്നു അപകടം. ബൈക്കിൽനിന്നു താഴെ വീണ കാമിനിയുടെ ശരീരത്തിലൂടെ ട്രക്ക് കയറിയിറങ്ങി. പിന്നാലെ ഗർഭപാത്രം പൊട്ടി കുഞ്ഞ് ജീവനോടെ പുറത്തുവരികയായിരുന്നു.

ട്രക്ക് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണെന്നും ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുമെന്നും എസ്എച്ച്ഒ അറിയിച്ചു. അപകടവാർത്തയറിഞ്ഞ് കാമിനിയുടെ അമ്മാവൻ, അറുപത്തഞ്ചുകാരനായ കാളി ചരൺ മരിച്ചു. കാളി ചരൺ അർബുദ ബാധിതനായിരുന്നെന്നു പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!