ജീവിതം പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കും വേണ്ടി സമർപ്പിച്ചു: വിഎസിന്റെ വിയോഗത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘‘മുൻ കേരള മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹം തന്റെ ജീവിതത്തിലെ നീണ്ട കാലയളവ് പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കും വേണ്ടി സമർപ്പിച്ചു. ഞങ്ങൾ രണ്ടുപേരും അതാത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഇടപെടലുകൾ ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു. ഈ സമയത്ത് എന്റെ പ്രാർഥനകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പമുണ്ട്.’’ – പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ‘‘കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. തന്റെ ദീർഘകാല പൊതുജീവിതത്തിൽ, പ്രത്യേകിച്ച് അരികുവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി അദ്ദേഹം പ്രവർത്തിക്കുകയും കേരളത്തിന്റെ വികസനത്തിന് സംഭാവന നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തിനോടും അണികളോടും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.’’ – രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചിച്ചു.
‘ഈ വിപ്ലവ സൂര്യന്റെ വേർപാടിൽ അനുശോചിക്കുന്നു’
വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ‘‘കേരളത്തിന്റെ രാഷ്ട്രീയ മനസ്സാക്ഷിയിൽ ആഴത്തിൽ പതിഞ്ഞ ഒരു വിപ്ലവ പാരമ്പര്യം സഖാവ് വി.എസ്. അച്യുതാനന്ദൻ അവശേഷിപ്പിക്കുന്നു. പ്രിയങ്കരനായ ജനനേതാവും, ആജീവനാന്ത കമ്യൂണിസ്റ്റും, തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും മൂർത്തിമദ്ഭാവമായിരുന്നു മുൻ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം. ഈ വിപ്ലവ സൂര്യന്റെ വേർപാടിൽ ദുഃഖിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനും, സഖാക്കള്ക്കും, കേരള ജനതയ്ക്കും എന്റെ ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുന്നു. എന്റെയും തമിഴ്നാട് ജനതയുടെയും പേരിൽ ബഹുമാനപ്പെട്ട ആദരാഞ്ജലി അർപ്പിക്കുന്നു. ലാൽ സലാം!’’ – അനുശോചിച്ച് എം.കെ.സ്റ്റാലിൻ.

