ഉപ്പള സോങ്കാലിലെ അല്‍ത്താഫിനെ കാറിൽ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസ്: വിദേശത്തു നിന്നും എത്തിയ പിടികിട്ടാപ്പുള്ളി പെരിങ്കടി സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍

കാസർകോട്: ഉപ്പള സോങ്കാലിലെ അൽത്താഫി (52)നെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. മംഗൽപ്പാടി, പെരിങ്കടി, പള്ളി ഹൗസിലെ അബ്ദുൽ റുമീദ് (29) ആണ് അറസ്റ്റിലായത്. 2019 ജൂൺ 23ന് ആണ് സോങ്കാലിലെ അൽത്താഫ് കൊല്ലപ്പെട്ടത്. കേസിൽ അൽത്താഫിൻ്റെ മകൾ ഷെറീനയുടെ ഭർത്താവും ഷബീറും മറ്റു നാലുപേരും ചേർന്ന് തട്ടികൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് കുമ്പള പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. കൊലക്കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ അബ്ദുൽ റുമീദ് 2020ൽ ആംസ് ആക്ട് പ്രകാരവും പിടിയിലായിരുന്നതായി പൊലീസ് പറഞ്ഞു. കൊലക്കേസിൽ പ്രതിയായിരിക്കെ അബ്ദുൽ റുമീദ് ഒളിവിൽ പോയി. പ്രതി വിദേശത്തേയ്ക്ക് കടന്നുവെന്ന വിവരത്തെ തുടർന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി നാട്ടിലേയ്ക്ക് വരുന്നതിനിടെ കണ്ണൂർ വിമാനത്താവളത്തിലാണ് പ്രതി പിടിയിലായത്.
വിമാനതാവള അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് കുമ്പള പൊലീസ് ഇൻസ്പെക്ടർ ബൈജു കെ ജോസിന്റെറെ നേതൃത്വത്തിൽ പൊലീസ് വിമാനതാവളത്തിലെത്തി പ്രതിയെ അറസ്റ്റു ചെയ്തു കുമ്പളയിലെത്തിച്ചു.

