KSDLIVENEWS

Real news for everyone

പഞ്ചസാരക്ക് വില കൂടാൻ കാരണം എഥനോൾ അല്ല: ആരോപണം അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരാൻ കാരണം കരിമ്പ് എഥനോൾ നിർമാണത്തിന് മാറ്റിവെച്ചെതുകൊണ്ടാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രം. വിലക്കയറ്റത്തിന് കാരണം ആഭ്യന്തര ഉൽപ്പാദനത്തിലെ കുറവും വൻ തോതിൽ പഞ്ചസാരയുടെ ആവശ്യകതയുടെ തോത് ഉയർന്നതുമാണ് കാരണമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. അതേസമയം, വിലക്കയറ്റം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ആഗസ്റ്റ് ഏഴിന് ശേഷം 20 ശതമാനം വര്‍ധനയാണ് പഞ്ചസാര വിലയില്‍ ഉണ്ടായത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പഞ്ചസാര വില 52 രൂപയില്‍ നിന്നും 62 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ 12 ദിവസത്തിനിടെയാണ് വില ഇത്രയും ഉയര്‍ന്നത്. 19 ശതമാനം മുതല്‍ 21 ശതമാനം വരെയായ ഉയര്‍ന്നത്. മഹാരാഷ്ട്രയിലുണ്ടായ കനത്ത മഴയും ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും കരിമ്പ് വിളയെ ബാധിച്ച റെഡ് റോട്ട് , ടോപ്പ് ബോറർ രോഗങ്ങളും പഞ്ചസാര ഉൽപ്പാദനത്തെ ഗണ്യമായി കുറച്ചെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.

അതേസമയം, പഞ്ചസാര പ്രതിനന്ധിയിൽ കേന്ദ്ര സർക്കാരിനെതിരെ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരും കയറ്റുമതിക്കാരുമായ ഇന്ത്യയുടെ പഞ്ചസാര ശേഖരം താഴ്ന്ന നിലയിലായത് എങ്ങനെയാണെന്നും ജനങ്ങളെ ദുരിതത്തിലാക്കുന്ന ഈ വിലക്കയറ്റത്തിന് ആരാണ് ഉത്തരവാദിയെന്നും അദ്ദഹം ചോദിച്ചു. E20 ആവശ്യങ്ങൾക്കായി എഥനോൾ ഉത്പാദിപ്പിക്കുന്നത് എന്ത് കൊണ്ട് പുനഃപരിശോധിക്കുന്നില്ലെന്നും ഇത് എന്തുതരം ‘ആത്മനിർഭർ ഭാരത്’ ആണെന്നും കേന്ദ്രത്തിനെതിരെ ഖാർഗെ വിമർശനമുന്നയിച്ചു.

രാജ്യത്ത് പ്രതിമാസം ഏകദേശം 24 ലക്ഷം മെട്രിക് ടൺ പഞ്ചസാരയാണ് ആവശ്യമായി വരുന്നത്. നിലവിലെ സീസണില്‍ 342 ലക്ഷം മെട്രിക് ടണ്‍ ഉല്‍പ്പാദനം പ്രതീക്ഷിച്ചെങ്കിലും യഥാർഥ ഉൽപ്പാദനം 308 ലക്ഷം മെട്രിക് ടണ്ണിൽ ഒതുങ്ങുകയായിരുന്നു. ഉല്‍പ്പാദനം പ്രതീക്ഷിച്ചതിലും കുറഞ്ഞതോടെ സര്‍ക്കാര്‍ മേയില്‍ പഞ്ചസാര കയറ്റുമതി നിരോധിച്ചെങ്കിലും ഇതിനകം 8 ലക്ഷം മെട്രിക് ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്തിരുന്നു. നിലവിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി പഞ്ചസാര വ്യാപാരികള്‍ക്ക് നവംബര്‍ 30 വരെ സ്റ്റോക്ക് പരിധിയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്സവകാലത്ത് മിഠായികള്‍ക്കും പലഹാരങ്ങള്‍ക്കും പഞ്ചസാരയുടെ ആവശ്യം ഉയരുന്നതിനാല്‍ വില ഇനിയും കൂടുമോയെന്ന ആശങ്കയും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!