KSDLIVENEWS

Real news for everyone

ശത്രുക്കളുടെ യുദ്ധ ടാങ്കുകളെ നിഷ്പ്രഭമാക്കാൻ ഇന്ത്യയുടെ കരുത്തൻ ; നാഗ് മിസൈലിന്റെ പരീക്ഷണം വിജയം

SHARE THIS ON

പൊഖ്റാന്‍: ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം പുകയുന്നതിനിടെ പ്രതിരോധ രംഗത്ത് വമ്ബന്‍ കുതിച്ചുചാട്ടവുമായി ഇന്ത്യ. ശത്രുവിന്റെ മടയില്‍ പോയി യുദ്ധ ടാങ്കുകളെ ഭസ്‌മമാക്കുന്ന മിസൈലാണ് രാജ്യം നിര്‍മ്മിച്ചിരിക്കുന്നത്. ടാങ്കുകള്‍ ആക്രമിച്ച്‌ തകര്‍ക്കാന്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാഗ് ആന്റി ടാങ്ക് മിസൈല്‍ വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കി. പുലര്‍ച്ചെ 6.45ന് രാജസ്ഥാനിലെ പൊഖ്റാന്‍ മരുഭൂമിയിലെ ഫയറിംഗ് റേഞ്ചില്‍ നിന്നാണ് പോര്‍മുന ഘടിപ്പിച്ചുള്ള അന്തിമ പരീക്ഷണം നടത്തിയതെന്ന് ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) അറിയിച്ചു.

ഇന്ത്യ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാം തലമുറയില്‍പ്പെട്ട അത്യാധുനിക ടാങ്ക് വേദ മിസൈലാണ് നാഗ്. ശത്രുക്കളുടെ ടാങ്കുകളെ പകലും രാത്രിയിലും ഒരേപോലെ കൃത്യതയോടെ ആക്രമിച്ച്‌ തകര്‍ക്കാനുളള ശേഷി നാഗിനുണ്ട്. നാല് മുതല്‍ ഏഴ് കിലോമീറ്റര്‍ വരെ പ്രഹര പരിധിയുളള മിസൈല്‍ ഭൂമിയില്‍ നിന്നും ആകാശത്ത് നിന്നും തൊടുത്തുവിടാന്‍ സാധിക്കും. പൊഖ്റാനില്‍ നേരത്തെ നടത്തിയ മൂന്ന് പരീക്ഷണങ്ങളും വിജയമായിരുന്നു. പോര്‍മുന ഘടിപ്പിച്ചുളള പരീക്ഷണവും വിജയകരമായതിനാല്‍ വൈകാതെ മിസൈലുകള്‍ സൈന്യത്തിന് കൈമാറും. തുടര്‍ന്ന് ഇവ അത്യാധുനിക മിസൈല്‍ വാഹിനികളില്‍ ഘടിപ്പിക്കും. ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമാണ് ടാങ്കുകള്‍ ആക്രമിച്ച്‌ തകര്‍ക്കാന്‍ ശേഷിയുളള മിസൈലുകള്‍ കൈവശമുളളത്. 524 കോടി രൂപ ചെലവിട്ടാണ് നാഗ് മിസൈല്‍ വികസിപ്പിച്ചത്.

നാഗ് മിസൈല്‍ കരസേനയുടെ ഭാഗമാകുന്നതോടെ സൈന്യത്തിന്റെ പ്രഹര ശേഷി വര്‍ദ്ധിക്കും. ശത്രുവിന് ആക്രമണത്തില്‍ സൈന്യത്തിന് മുതല്‍ക്കൂട്ടാകുന്ന ആയുധമാണ് നാഗ് മിസൈല്‍. ഏത് കാലാവസ്ഥയിലും ഈ മിസൈല്‍ ഉപയോഗിക്കാം. തെര്‍മല്‍ ഇമേജിംഗ് റഡാറിന്റെ സഹായത്തോടെ ലക്ഷ്യം നിര്‍ണയിച്ച്‌ ആക്രമണം നടത്തുകയാണ് മിസൈല്‍ ചെയ്യുന്നത് . 1980കളില്‍ ഇന്ത്യ തയ്യാറാക്കിയ അഞ്ച് മിസൈല്‍ പദ്ധതികളില്‍ ഒന്നാണ് നാഗ്. അഗ്നി, പൃഥ്വി, ആകാശ്, ത്രിശൂല്‍ എന്നിവയാണ് മറ്റുളള മിസൈലുകള്‍. ഇതില്‍ ത്രിശൂല്‍ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. മറ്റ് മൂന്ന് മിസൈലുകളും ഇപ്പോള്‍ സൈന്യത്തിന്റെ ഭാഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!