ബാലഭാസ്‌കറിന്റെ മരണം: സി.ബി.ഐ. അന്വേഷണം പൂര്‍ത്തിയായി; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകടമരണമാണെന്ന നിഗമനത്തിൽ സി.ബി.ഐ. സംഘം. കേസിൽ അന്വേഷണം പൂർത്തിയായി. അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയിൽ സമർപ്പിക്കും.
കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരുടെ മൊഴിയാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. ബാലഭാസ്കറിന്റെ കുടുംബത്തെയും മാനേജർമാരായിരുന്ന വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി എന്നിവരെ ചോദ്യംചെയ്യുകയും ചെയ്തു. ഇവരെ രണ്ടുപേരെ കൂടാതെ കലാഭവൻ സോബി, ഡ്രൈവർ അർജുൻ എന്നിവരെ നുണപരിശോധനയ്ക്ക് വിധേയരാക്കി.
എന്നാൽ നുണപരിശോധനയിൽ കലാഭവൻ സോബിയുടെയും അർജുന്റെയും വാദങ്ങൾ തെളിയിക്കാനായില്ലെന്നാണ് റിപ്പോർട്ട്. അപകടത്തിന് മുമ്പ് ബാലഭാസ്കറിന്റെ വാഹനത്തെ ഒരു സംഘം ആക്രമിച്ചെന്നായിരുന്നു കലാഭാവൻ സോബിയുടെ വാദം. അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്കറാണെന്നായിരുന്നു അർജുന്റെ മൊഴി. എന്നാൽ ഈ രണ്ട് വാദങ്ങളും നുണപരിശോധനയിൽ തെളിയിക്കാനായില്ലെന്നാണ് സി.ബി.ഐ. വൃത്തങ്ങൾ നൽകുന്നവിവരം.

