KSDLIVENEWS

Real news for everyone

വിമാന ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയര്‍ന്നു; യു.എ.ഇയിലെ പ്രവാസികള്‍ക്ക് ഇരുട്ടടി

SHARE THIS ON

ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കുമ്ബോള്‍ ടിക്കറ്റ് നിരക്കുകളും വര്‍ധിപ്പിച്ച്‌ പ്രവാസികളെ പിഴിഞ്ഞെടുക്കുന്ന പതിവ് ഇത്തവണയും വിമാനക്കമ്ബനികള്‍ തെറ്റിച്ചിട്ടില്ല. അവധി സീസണ്‍ മുതലെടുത്ത് വിമാനക്കമ്ബനികള്‍ അവയുടെ ടിക്കറ്റ് നിരക്കുകള്‍ അധികരിപ്പിച്ചിരിക്കുകയാണ് നിലവില്‍. ഇതോടെ യു.എ.ഇയിലെ സാധാരണക്കാരായ പ്രവാസികളാണ് ദുരിതത്തിലായിരിക്കുന്നത്. സാധാരണ നിരക്കിനേക്കാള്‍ ഇരട്ടിയോ അതിലധികമോ ആയാണ് ടിക്കറ്റ് നിരക്കുകള്‍ ഈ മാസം ഉയര്‍ന്നിരിക്കുന്നത്. യു.എ.ഇയില്‍ നിന്ന് നാട്ടിലേക്കും നാട്ടില്‍നിന്ന് തിരിച്ച്‌ യു.എ.ഇയിലേക്കുമുള്ള ടിക്കറ്റ് നിരക്കുകളിലാണ് ഇരട്ടിയിലധികം വര്‍ധനവ് കാണിക്കുന്നത്. അടുത്ത മാസത്തോടെ ഈ നിരക്കുകള്‍ ഇനിയും വര്‍ധിച്ചേക്കാമെന്നാണ് മേഖലയില്‍നിന്ന് ലഭിക്കുന്ന സൂചന. യു.എ.ഇയിലെ സ്‌കൂളുകളില്‍ അവധിക്കാലം ആരംഭിച്ചതും വിശുദ്ധ റമദാനുമെല്ലാം വിമാന നിരക്കുകളെ സാരമായി ബാധിച്ചിട്ടുണ്ട്. മധ്യവേനല്‍ അവധി കഴിയുന്നതുവരെ വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ന്നുതന്നെ നില്‍ക്കുകയും ചെയ്യും. യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച്‌ വിമാന സര്‍വീസുകള്‍ ഇല്ലാത്തതും നിരക്ക് ഉയരാനുള്ള പ്രധാന കാരണമാണ്. യുഎഇ-കേരളം സെക്ടറില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ പിന്‍വലിച്ച്‌ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആക്കുന്നതോടെ സീറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന വലിയ കുറവും വിലവര്‍ധനയ്ക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ യു.എ.ഇയില്‍നിന്ന് കൊച്ചിയിലേക്ക് ശരാശരി 300 മുതല്‍ 320 ദിര്‍ഹം വരെയായിരുന്നു ടിക്കറ്റ് നിരക്കുകള്‍. എന്നാല്‍ നിലവില്‍ ഈ റൂട്ടിലെ ടിക്കറ്റുകള്‍ക്ക് ഏകദേശം 650 ദിര്‍ഹത്തിനു മുകളില്‍ പണം ചിലവഴിക്കേണ്ടി വരും. അതേ സമയം ദുബൈയില്‍നിന്ന് കരിപ്പൂരിലേക്ക് ഏകദേശം 700 ദിര്‍ഹമിനും മുകളിലാണ് നിരക്കുകള്‍ കാണിക്കുന്നത്. കുടുംബ സമേതം യാത്ര തിരിക്കുന്നവര്‍ക്ക് ഭീമമായ തുകയാണ് ഇതിനായി ചിലവഴിക്കേണ്ടി വരുന്നത്. നാട്ടില്‍ നിന്ന് തിരിച്ച്‌ യു.എ.ഇയിലേക്കെത്തണമെങ്കില്‍ ഇതിലും വലിയ തുകകളാണ് ചിലവഴിക്കേണ്ടി വരുന്നത്. കൊച്ചിയില്‍ നിന്ന് ദുബൈയിലേക്കു വരാന്‍ കഴിഞ്ഞ മാസം ശരാശരി 10,000 രൂപയ്ക്ക് ലഭിച്ചിരുന്ന ടിക്കറ്റുകള്‍, ഈ മാസം വണ്‍വേക്ക് ശരാശരി 30,000 രൂപയ്ക്ക് മുകളിലാണ് നിരക്ക്. അതേ സമയം അബൂദബി, റാസല്‍ഖൈമ, ഷാര്‍ജ എയര്‍പോര്‍ട്ടുകളിലൂടെയാണെങ്കില്‍ ദുബൈയെക്കാളും നേരിയ വെത്യാസമാണ് ടിക്കറ്റുകളില്‍ കാണിക്കുന്നത്. ഈ പ്രത്യേക സാഹചര്യത്തില്‍ ഏകദേശം 15 മുതല്‍ 20 മണിക്കൂര്‍ വരെ ദൈ്യര്‍ഘ്യമെടുത്ത് യു.എ.ഇയിലെത്തുന്ന കണക്ഷന്‍ ഫ്‌ളൈറ്റുകളെ ആശ്രയിക്കുകയാണ് പല പ്രവാസികളും. എല്ലാ സീസണുകളിലും പല ജനപ്രതിനിധികളും വിമാനക്കമ്ബനികളുടെ ഈ കൊള്ളയ്ക്ക് അറുതിവരുത്തുമെന്ന് പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇത്തവണയും ഇതിനൊരു ശ്വാശത പരിഹാരം ഉണ്ടാവില്ലെന്ന് നമ്മള്‍ തിരിച്ചറിയാന്‍ ഇനിയുമെത്ര കാത്തിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!