KSDLIVENEWS

Real news for everyone

മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾക്കു നേരെയുണ്ടായത് വലിയതോതിലുള്ള പീഡനം;  കേന്ദ്ര സർക്കാരിനെ വിമർ‌ശിച്ച് യുഎസ്

SHARE THIS ON

ന്യൂഡൽഹി∙ മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് യുഎസ് വിദേശകാര്യ വകുപ്പ്‌. ന്യൂനപക്ഷങ്ങൾക്കെതിരെ മണിപ്പൂരിൽ ആക്രമണമുണ്ടായെന്നും വലിയതോതിലുള്ള പീഡനമാണ് നടന്നതെന്നുമാണ് വിദേശകാര്യ വകുപ്പിന്റെ റിപ്പോർട്ടിലെ വിമർശനം. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വാർഷിക മനുഷ്യാവകാശ റിപ്പോർട്ടിലാണ് പരാമർശം.   മനുഷ്യാവകാശ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ബാധിത സമുദായങ്ങളും

മണിപ്പൂരിലെ അക്രമം തടയുന്നതിനും മാനുഷിക സഹായം നൽകുന്നതിനുമുള്ള നടപടി വൈകിയതിനു കേന്ദ്ര സർക്കാരിനെ വിമർശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സെപ്റ്റംബർ 4നു ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും അക്രമ പ്രവർത്തനങ്ങൾ അന്വേഷിക്കാനും കുറ്റവാളികളെ കണ്ടെത്താനും കേന്ദ്ര സർക്കാരിനോട് യുഎൻ ആവശ്യപ്പെട്ടിരുന്നു. മെയ്തേയ്, കുക്കി, മറ്റ് സ്വാധീനമുള്ള സമുദായങ്ങൾ എന്നിവയ്ക്കിടയിൽ അനുരഞ്ജന പ്രക്രിയ പ്രോത്സാഹിപ്പിക്കാനും സമയബന്ധിതമായി നടപടി സ്വീകരിക്കാനും സർക്കാരിനോട് അഭ്യർഥിച്ചുവെന്നും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.

കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി നേരിടുന്നുവെന്ന് ബിബിസി ഓഫിസിലെ ആദായനികുതി വകുപ്പിന്റെ പരിശോധന ചൂണ്ടിക്കാട്ടി യുഎസ് പറയുന്നു. ബിബിസിയുടെ സാമ്പത്തികവുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡിൽ സാമ്പത്തിക പ്രക്രിയകളിൽ ഉൾപ്പെടാത്ത മാധ്യമപ്രവർത്തകർക്കിടയിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി ഉപകരണങ്ങൾ പിടിച്ചെടുത്തു. 2019 മുതൽ ആക്രമണങ്ങൾ, പൊലീസ് ചോദ്യം ചെയ്യലുകൾ, റെയ്ഡുകൾ, കെട്ടിച്ചമച്ച കേസുകൾ, നിയന്ത്രണങ്ങൾ എന്നിവ നേരിടുന്ന 35 മാധ്യമപ്രവർത്തകരെങ്കിലും ഇന്ത്യയിലുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രാഹുൽ ഗാന്ധിക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചതിനെ കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

തെറ്റായ വിവരങ്ങളുടെയും വികലമായ ധാരണയുടെയും അടിസ്ഥാനത്തിൽ മനുഷ്യാവകാശങ്ങളെയും മതസ്വാതന്ത്ര്യത്തെയും കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടതിനു അമേരിക്കയെ ഇന്ത്യ നേരത്തെ വിമർശിച്ചിരുന്നു. ചില യുഎസ് ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ അഭിപ്രായപ്രകടനം ഈ റിപ്പോർട്ടുകളുടെ വിശ്വാസ്യതയെ കൂടുതൽ ദുർബലപ്പെടുത്തുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞവർഷം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!