KSDLIVENEWS

Real news for everyone

യുഎഇയിൽ തൊഴിലാളിൾക്ക് സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ കമ്പനികൾക്കെതിരെ കർശന നടപടി

SHARE THIS ON

അബുദാബി : തൊഴിലിടങ്ങളിൽ ജീവനക്കാർക്ക് മതിയായ സുരക്ഷ ഒരുക്കാത്ത കമ്പനികൾക്കെതിരെ കടുത്ത നടപടിയുമായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. സുരക്ഷാ വീഴ്ചകൾ കൂടിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. തൊഴിലാളികൾക്ക് ആരോഗ്യ, തൊഴിൽ സുരക്ഷ ഒരുക്കാത്തതുമായി ബന്ധപ്പെട്ട് 2023ൽ 75,134 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഇതിൽ ഗുരുതര നിയമലംഘനങ്ങൾ നടത്തിയ 12,855 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. 48,652 കമ്പനികൾക്ക് താക്കീതു നൽകി. തൊഴിലാളികൾക്ക് മികച്ച താമസ സൗകര്യം ഉറപ്പാക്കുന്നതിനായി ലേബർ ക്യാംപുകളിലും പരിശോധന നടത്തിവരുന്നു.

∙ പരുക്ക് കുറഞ്ഞു
പരിശോധനയും നടപടിയും ശക്തമാക്കിയതോടെ  തൊഴിലാളികൾക്ക് പരുക്കേൽക്കുന്ന കേസുകൾ 2019 മുതൽ 2022 വരെയുള്ള കാലയളവിൽ 43% കുറഞ്ഞു. പരുക്കേറ്റവരുടെ ചികിത്സ, നഷ്ടപരിഹാരം, വേതനം എന്നിവ ഉദ്യോഗസ്ഥർ ഉറപ്പാക്കിവരുന്നു.  

∙ പരുക്കേറ്റാൽ
പരുക്കേൽക്കുന്നവർക്ക് കമ്പനി ഉടമയുടെ ചെലവിൽ ഉടൻ ചികിത്സ ലഭ്യമാക്കണം. തൊഴിലാളിയുടെ പേര്, രാജ്യം, തിരിച്ചറിയൽ കാർഡ് നമ്പർ, അപകടം നടന്ന സ്ഥലം, സമയം, ആരോഗ്യസ്ഥിതി തുടങ്ങിയ വിവരങ്ങൾ 48 മണിക്കൂറിനകം മന്ത്രാലയത്തിനു കൈമാറണം. ചികിത്സയ്ക്കുശേഷം രോഗിയുടെ സമഗ്ര മെഡിക്കൽ റിപ്പോർട്ടും സമർപ്പിക്കണം. 

∙ പരാതിപ്പെടാം
നിയമം ലംഘിക്കുന്ന സ്ഥാപനത്തിന് എതിരെ 600 590000 നമ്പറിൽ വിളിച്ച് പരാതിപ്പെടണമെന്ന് തൊഴിലാളികളോട് അഭ്യർഥിച്ചു. മന്ത്രാലയത്തിന്റെ മൊബൈൽ ആപ്പ്, വെബ് സൈറ്റ്, സമൂഹ മാധ്യമ പേജുകൾ എന്നിവയിലൂടെയും പരാതിപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!