KSDLIVENEWS

Real news for everyone

യാത്രക്കാരുടെ ബാഗേജുകൾ 24 മണിക്കൂറിനകം നൽകും; ദുബൈ വിമാനത്താവളം പൂർണമായും സാധാരണ നിലയിലായി

SHARE THIS ON

ദുബൈ: ദുബൈ വിമാനത്താവളം പൂർണമായും സാധാരണ നിലയിലായി. ദിവസവും 1400 വിമാനങ്ങള്‍ എന്ന നിലയിലേക്ക് തിരിച്ചെത്തി. യാത്രക്കാരുടെ ബാഗേജുകൾ 24 മണിക്കൂറിനകം നൽകി തീർക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കനത്ത മഴ മൂലം പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ ആകെ റദ്ദാക്കേണ്ടി വന്നത് 2155 വിമാനങ്ങളാണ്.  115 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. അതേസമയം കനത്ത മഴ മൂലം ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിലും യാത്രക്കാര്‍ നേരിട്ട അസൗകര്യങ്ങളിലും ദുബൈ എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്സ് ഖേദം പ്രകടിപ്പിച്ചിരുന്നു. വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് തിരികെ എത്തിക്കുന്നതിനായി ദുബൈ വിമാനത്താവളത്തിലെ സംഘം നിരന്തരം പരിശ്രമിക്കുകയാണെന്നും ഈ പ്രതിസന്ധി നേരിടുന്നതിനും യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും എല്ലാ പങ്കാളികളും ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

യുഎഇയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴ പെയ്തതാണ് വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങളെ ബാധിച്ചതും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തത്. ഞങ്ങളുടെ അതിഥികളുടെ ക്ഷേമത്തിനും ദുബൈ രാജ്യാന്തര വിമാനത്താവളം സാധാരണ പ്രവർത്തന ഷെഡ്യൂളിലേക്ക് തിരികെയെത്തിക്കാനുമാണ് ഞങ്ങൾ പരിശ്രമിച്ചത്. വിമാനത്താവളം സാധാരണ പ്രവര്‍ത്തന ഷെഡ്യൂളിലേക്ക് തിരിച്ചെത്തുന്നതോടെ യാത്രക്കാർക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്രയും വേഗത്തിൽ എത്തിച്ചേരാൻ സാധിക്കും. നിലവിലെ സാഹചര്യം സവിശേഷമായ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെങ്കിലും, ഞങ്ങൾ എത്രയും വേഗം സാധാരണ പ്രവർത്തനം പുനഃസ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധരാണ്. ദുബൈ എയർപോർട്ട് ടീം, എയർലൈൻ പങ്കാളികൾ, വാണിജ്യ പങ്കാളികൾ, സേവന ദാതാക്കൾ എന്നിവർ പ്രശ്നങ്ങൾ പരിഹരിക്കാൻ നിരന്തരം പരിശ്രമിക്കുകയാണ്. ഈ സാഹചര്യത്തെ നേരിടുന്നതിൽ ഞങ്ങൾ ക്ഷമയോടെയും ദൃഢനിശ്ചയത്തോടെയും ഒരുമിച്ച് പ്രവർത്തിക്കുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയത്തെ ഞങ്ങളുടെ അതിഥികളുടെ ക്ഷമയും സഹകരണവും അഭിനന്ദനം അര്‍ഹിക്കുന്നു. യാത്രക്കാർക്ക് അനുഭവപ്പെട്ട നിരാശയ്ക്കും അസൗകര്യത്തിനും ഖേദം പ്രകടിപ്പിക്കുന്നു. ഈ സാഹചര്യം മനസ്സിലാക്കിയതിന് എല്ലാവർക്കും നന്ദി’.– പോൾ ഗ്രിഫിത്ത്സ് വ്യക്തമാക്കി. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!