KSDLIVENEWS

Real news for everyone

പരസ്യപ്രചാരണം കൊട്ടിക്കലാശം: മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

SHARE THIS ON

2024 ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ചു.

ജില്ലയിലെ പേരൂര്‍ക്കട, തിരുമല, വട്ടിയൂര്‍ക്കാവ്, കിഴക്കേക്കോട്ട, വിഴിഞ്ഞം, പാപ്പനംകോട്, ശ്രീകാര്യം, കഴക്കൂട്ടം കല്ലിയൂര്‍, ബീമാപ്പള്ളി-പൂന്തുറ, നെയ്യാറ്റിന്‍കര ടൗണ്‍, ആറ്റിങ്ങല്‍ കച്ചേരിനട, കിളിമാനൂര്‍, വിതുര, വര്‍ക്കല മൈതാനം, പാറശ്ശാല, ഉദിയന്‍കുളങ്ങര, വെഞ്ഞാറമൂട്, വെള്ളറട ജംക്ഷന്‍, കാട്ടാക്കട ജംക്ഷന്‍ എന്നിവിടങ്ങളാണ് പരസ്യ പ്രചാരണത്തിന്റെ അവസാനം കുറിക്കുന്ന കൊട്ടിക്കലാശത്തിന്റെ പ്രധാന വേദികള്‍. കൊട്ടിക്കലാശസമയത്ത് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയകക്ഷികളും അനുവര്‍ത്തിക്കേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ചുവടെ.


-കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തേണ്ടതും 24/04/2024 നു വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കേണ്ടതുമാണ്. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയില്‍ കവിഞ്ഞ ശബ്ദത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നത് എന്നിവ ഒഴിവാക്കേണ്ടതാണ്.

-കൊട്ടിക്കലശവുമായി ബന്ധപ്പെട്ട് വിദ്വേഷം സൃഷ്ടിക്കുന്നതോ വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുന്നതോ ആയ യാതൊരു പ്രവര്‍ത്തനവും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥിയുടെയും ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ല. എതിര്‍സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം തടസ്സപ്പെടുത്തുന്ന തരത്തിലോ പ്രകോപനപരമായ രീതിയിലോ സ്ഥാനാര്‍ത്ഥികളോ അവരുടെ പ്രവര്‍ത്തകരോ പെരുമാറാന്‍ പാടില്ല.

-മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കുന്നത് അവരുടെ നയങ്ങള്‍, പദ്ധതികള്‍/പരിപാടികള്‍ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചു മാത്രമായിരിക്കണം. സ്ഥാനാര്‍ത്ഥികളുടെ വ്യക്തിജീവിതത്തെ ആക്രമിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്താന്‍ പാടില്ല. മാന്യതയെയും ധാര്‍മ്മികതയെയും വ്രണപ്പെടുത്തുന്നതോ ദുരുദ്ദേശ്യപരമോ ആയ പ്രസ്താവനകള്‍ കൊട്ടിക്കലാശ സമയത്തു നടത്തരുത്.

-വോട്ട് ഉറപ്പിക്കുന്നതിന് ജാതിയോ വര്‍ഗീയ വികാരമോ ഉപയോഗിക്കരുത്. മസ്ജിദുകള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍ അല്ലെങ്കില്‍ മറ്റ് ആരാധനാലയങ്ങള്‍ എന്നിവ കൊട്ടിക്കലാശത്തിനുള്ള വേദിയായി ഉപയോഗിക്കരുത്.

-നിയമാനുസൃത അനുമതി ലഭ്യമായ വാഹനങ്ങള്‍ മാത്രമേ കൊട്ടിക്കലാശ പ്രചരണത്തിന് ഉപയോഗിക്കുവാന്‍ പാടുള്ളൂ. കൊട്ടിക്കലാശം പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടാത്ത രീതിയില്‍ നടത്തപ്പെടുന്നുവെന്ന് സ്ഥാനാര്‍ത്ഥികള്‍ ഉറപ്പാക്കേണ്ടതാണ്. പൊതുമുതലിന് നാശം വരുത്തുന്ന രീതിയില്‍ പ്രകടനങ്ങള്‍ അതിരുവിടുന്ന പക്ഷം നിയമനടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!