അൻവർ ചില നിർദേശങ്ങൾ വെച്ചിട്ടുണ്ട്: ഘടകകക്ഷികളുമായി ചർച്ചചെയ്ത് തീരുമാനമെടുക്കും; വി.ഡി. സതീശൻ

തിരുവനന്തപുരം: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി. അന്‍വറുമായി കൂടിക്കാഴ്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അന്‍വറിനെ യുഡിഎഫിലെടുക്കുന്നത് സംബന്ധിച്ച് മറ്റു ഘടകകക്ഷികളുമായി ചര്‍ച്ചചെയ്യും. അദ്ദേഹം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ചചെയ്തശേഷം തീരുമാനമെടുക്കുമെന്നും സതീശന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസുമായും യുഡിഎഫുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അന്‍വര്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. അത് ഏതുതരത്തിലായിരിക്കുമെന്ന് അദ്ദേഹം ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. അക്കാര്യം പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ചചെയ്തശേഷം ഉടന്‍ തീരുമാനിക്കുമെന്നും സതീശന്‍ പറഞ്ഞു.
യുഡിഎഫ് പ്രഖ്യാപിക്കുന്ന ഏത് സ്ഥാനാര്‍ഥിക്കും പരിപൂര്‍ണ പിന്തുണ നല്‍കുമെന്ന് അന്‍വര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് അന്‍വറിന് മുന്നില്‍ ഒരു നിര്‍ദേശവും വെച്ചിട്ടില്ല. സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ രീതി ചോദിച്ചറിയുക മാത്രമാണ് ചെയ്തത്. അന്‍വറിന്റെ പിന്തുണ നിലമ്പൂരില്‍ ഗുണംചെയ്യുമെന്നും സതീശന്‍ പറഞ്ഞു.
എന്ത് വിഷയമുണ്ടായാലും മതപരമാക്കാനാണ് ശ്രമിക്കുന്നതെന്ന് പഹൽഗാം വിഷയത്തിൽ സതീശൻ പ്രതികരിച്ചു. കശ്മീരിലെ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ഭീകര സംഘടനയാണോ ഇന്ത്യയിലെതന്നെ സംഘടനയാണോ എന്ന് അന്വേഷണം നടത്തി കേന്ദ്ര സര്‍ക്കാരാണ് പറയേണ്ടത്. അതിനുമുൻപ് ചര്‍ച്ച നടത്തി ആരുടെയെങ്കിലും തലയില്‍ കെട്ടിവയ്‌ക്കേണ്ട കാര്യമില്ല. ഏതെങ്കിലും മതവിഭാഗത്തില്‍പ്പെട്ടവര്‍ അക്രമം നടത്തിയാല്‍ ആ മതവിഭാഗം മുഴുവന്‍ ഭീകരവാദികളാണെന്നു പറയുന്നത് ശരിയല്ല. ഗുജറാത്തില്‍ കലാപം നടത്തിയതിന്റെ പേരില്‍ ഹൈന്ദവരെല്ലാം ഭീകരസംഘടനയാണെന്ന് പറയാന്‍ സാധിക്കുമോ?
പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയാണ് എല്ലായിടത്തുമുള്ളത്. ഓരോ വിഷയങ്ങള്‍ ഉണ്ടാകുമ്പോഴും ഓരോരുത്തര്‍ ചാടി വീഴുകയാണ്. മുനമ്പം വിഷയത്തെ പോലും വര്‍ഗീയമാക്കി മാറ്റാനാണ് ശ്രമിച്ചത്. രാജ്യത്തിന് നേരെയുള്ള കടന്നാക്രമണമാണ് കശ്മീരില്‍ ഉണ്ടായത്. അതിനെ ശക്തമായി അപലപിക്കുകയും അത്തരം ശക്തികളെ ഇല്ലാതാക്കുകയുമാണ് വേണ്ടതെന്നും സതീശൻ കൂട്ടിച്ചേർത്തു.

