KSDLIVENEWS

Real news for everyone

ഒരു മതത്തിൽപ്പെട്ടയാൾ തെറ്റുചെയ്താൽ ആ വിഭാഗം മുഴുവൻ ഭീകരരാകുമോ? എന്തുകിട്ടിയാലും വർഗീയമാക്കും: വി.ഡി സതീശൻ

SHARE THIS ON

പച്ചവെള്ളത്തിന് പോലും തീപിടിപ്പിക്കുന്ന വർഗീയതയാണ് രാജ്യത്തെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. ഒരു മതവിഭാഗത്തിൽപ്പെട്ടയാൾ അക്രമം നടത്തിയാൽ ആ മതവിഭാഗം മുഴുവൻ തീവ്രവാദികളാണെന്ന് പ്രചരിപ്പിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ലെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.

‘എന്ത് വീണുകിട്ടിയാലും അതിനെ വര്‍ഗീയമാക്കി, മതപരമായ പ്രശ്നമാക്കാൻ നോക്കി നടക്കുകയാണ്. അവിടെ നടന്നത് എന്താണെന്നും അതിനു പിന്നില്‍ ഏത് സംഘടനയാണെന്നും ആരാണ് അത് ചെയ്തതെന്നും കേന്ദ്രസര്‍ക്കാരാണ് അന്വേഷണം നടത്തി വ്യക്തമാക്കേണ്ടത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണോ പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണോ പാകിസ്താന്‍ സര്‍ക്കാരിനു പങ്കുണ്ടോ, ഐഎസ്‌ഐഎസ് ഉണ്ടോ എന്നൊക്കെ അന്വേഷിച്ചു കണ്ടെത്തണം. ഏതെങ്കിലും ഒരു മതവിഭാഗത്തില്‍പ്പെട്ടയാള്‍ അക്രമം നടത്തിയാല്‍ ആ മതവിഭാഗം മുഴുവന്‍ തീവ്രവാദികളാണെന്ന് പ്രചരിപ്പിക്കുന്നത് ഒരു കാലത്തും ശരിയല്ല. ഒരു കാലത്തും അതിനോട് യോജിപ്പുമില്ല.’

‘ഗുജറാത്ത് കലാപം നടന്നപ്പോള്‍ ഹിന്ദുവെന്നത് ഭീകരസംഘടനയാണെന്ന് പറയാന്‍ പറ്റുമോ? ഇസ്ലാമില്‍പ്പെട്ടവര്‍ തെറ്റു ചെയ്താല്‍ മുഴുവന്‍ ആളുകളും ഭീകരപ്രവര്‍ത്തകരാകുമോ? പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയാണ് കേരളത്തിലും രാജ്യത്ത് എല്ലായിടത്തുമുള്ളത്. ഓരോ അവസരം കിട്ടുമ്പോള്‍ ഓരോരുത്തര്‍ ചാടിവീഴുകയാണ്. വളരെ ഭംഗിയായി തീര്‍ക്കേണ്ട മുനമ്പം വിഷയത്തില്‍ പോലും അതിനെ വര്‍ഗീയമാക്കാനാണ് നോക്കുന്നത്. രാജ്യം നേരിടുന്ന ഒരു വെല്ലുവിളിയായാണ് ഞാന്‍ അതിനെ കാണുന്നത്’,വി.ഡി.സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!