ദേശിയപാതാ നവീകരണം:രണ്ടാം റീച്ചിൽ മുത്തപ്പനാർക്കാവിലും നീലേശ്വരത്തും ജനകീയ സമരം

കാഞ്ഞങ്ങാട് : ചെങ്കള മുതൽ നീലേശ്വരംവരെയുള്ള രണ്ടാം റീച്ചിലുൾപ്പെടുന്ന കാഞ്ഞങ്ങാട് മേഖലയിലെ മേൽനടപ്പാതകളുടെ പണി തുടങ്ങിയിട്ടില്ല. മാവുങ്കാൽ, ആറങ്ങാടി ഭാഗത്തെ മേൽപ്പാലവും അടിപ്പാതയുമൊക്കെ പൂർത്തിയായി. ആറങ്ങാടിയിൽ സർവീസ് റോഡിന്റെ പണി നടക്കുന്നുണ്ട്. ഇവിടെ സർവീസ് റോഡിന്റെ ഇരുഭാഗത്തും വീതികുറവാണ്. കിഴക്കുഭാഗത്തെ സർവീസ് റോഡിന്റെ അരികിലെ ചെരിവ് അപകടം വിളിച്ചോതുന്നു.
ഈ സ്ഥലത്താണ് മണ്ണിട്ട് നികത്തുന്ന പ്രവർത്തി നടക്കുന്നത്. കാഞ്ഞങ്ങാട് സൗത്തിൽ അടിപ്പാതയുടെ താഴെഭാഗം വാഹനത്തിന് ഉരസുന്ന പ്രശ്നമുണ്ട്. അടിപ്പാതയുടെ താഴെഭാഗം പണി പൂർത്തിയാകുന്നതോടെ ഈ പ്രശ്നം ഇല്ലാതാകുമെന്നാണ് മേഘ കൺസ്ട്രക്‌ഷൻ അധികാരികൾ പറയുന്നത്. ഇവിടെ ഡ്രൈനേജ് നിർമാണം കൃത്യമല്ലാത്തത് മറ്റൊരു തലവേദന സൃഷ്ടിച്ചിരുന്നു. ‘മാതൃഭൂമി’ വാർത്തയെ തുടർന്ന് ജനങ്ങൾ പ്രതിഷേധവുമായി ഇറങ്ങുകയും ഡ്രൈനേജ് പൊളിച്ചുമാറ്റിക്കുകയുംചെയ്തു. 50 മീറ്ററോളം ഭാഗമാണ് പൊളിച്ചത്.
മുത്തപ്പനാർക്കാവിലാണ് മറ്റൊരു പ്രശ്നം. ഇവിടെ യുടേൺ വരുമെന്ന് പറഞ്ഞ് നാട്ടുകാരെ വിശ്വസിപ്പിക്കുകയായിരുന്നു അധികാരികൾ. ഏറെ നാൾ നീണ്ട സമരം അവസാനിച്ചതും ആ ഉറപ്പിലാണ്. അങ്ങനെയൊരു യുടേൺ ദേശീയപാതയുടെ, അത്രയും വേഗമേറിയ പാതയുടെ നടുവിൽ വരുമെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് തെറ്റിദ്ധരിപ്പിക്കൽ മാത്രമാണെന്നാണ് ഇപ്പോൾ അധികാരികൾ പറയുന്നത്. അതേസമയം ഈ ഭാഗത്ത് മാത്രം പ്രധാന റോഡിലോ സർവീസ് റോഡിലോ ഡിവൈഡർ കൂട്ടിമുട്ടിച്ചിട്ടില്ല. ഇവിടെ അടിപ്പാതയെങ്കിലും വന്നില്ലെങ്കിൽ കീലോമീറ്ററുകൾ നടന്ന് അപ്പുറവും ഇപ്പുറവും എത്തേണ്ട ദുർഗതിയിലാകും നാട്ടുകാർ. പടന്നക്കാട് മേൽപ്പാലത്തോടുചേർന്ന് രണ്ടാമത്തെ പാലം നിർമിക്കുന്നത് ദ്രുതഗതിയിൽ നടക്കുന്നു.
നീലേശ്വരം പുഴയ്ക്ക് മീതെ നിർമിക്കുന്ന പാലത്തിന്റെ പണി പാതിയിലാണ്. നീലേശ്വരത്ത് ഉയരപാത വേണമെന്ന് ആവശ്യമുയർത്തി ജനം കർമസമിതി രൂപവത്കരിച്ച് രംഗത്തുവന്നതോടെ ഈ ഭാഗത്തെ പണി നിന്നു.
കാഞ്ഞങ്ങാട്ട് ജില്ലാ ആസ്പത്രിയുടെ മുന്നിൽ മേൽനടപ്പാത സ്ഥാപിക്കുമെന്നാണ് പറയുന്നത്. മേൽനടപ്പാത വന്നാലും രോഗികൾക്ക് സൗകര്യപൂർവമുള്ള യാത്ര ലഭ്യമാകില്ല. ഇവിടുത്തേത് ഉൾപ്പെടെ ഒരു മേൽനടപ്പാതയും ഈ റീച്ചിൽ സ്ഥാപിതമായിട്ടില്ല.

